ജാതി പ്രശ്നത്തിന് കാരണമായത് കൊടിയ സാമ്പത്തിക അസമത്വം
text_fieldsപാലക്കാട്: പതിറ്റാണ്ടുകളായി അതിർത്തി ഗ്രാമങ്ങളുടെ ശാപമായി നടമാടുന്ന അയിത്താചരണം ഗോവിന്ദാപുരത്തെ അംബേദ്കർ കോളനിയിൽ മിന്നൽ പ്രകോപനമാവാൻ കാരണം ഒരു വിവാഹമാണെങ്കിലും അതിലേക്ക് നയിച്ചത് കൊടിയ സാമ്പത്തിക അസമത്വം. മാസങ്ങളായി പണിയില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള മുറവിളി വനരോദനമാവുകയും ചെയ്ത അനുഭവമാണ് തമിഴ് പാരമ്പര്യമുള്ള ചക്ലിയ സമുദായത്തിേൻറത്.
താരതമ്യേന മെച്ചപ്പെട്ട രീതിയിൽ കഴിയുന്ന മേൽജാതിക്കാരായി അറിയപ്പെടുന്നവരും ഈ സമുദായവും തമ്മിലുള്ള അസമത്വം കോളനിയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് അടിസ്ഥാന കാരണമാണെന്ന വിവരമാണ് അന്വേഷണത്തിന് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾക്ക് നൽകിയത്. ജില്ല ഭരണകൂടം ജൂൺ 19ന് കോളനി പ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ അജണ്ടയും ഇതിെൻറ അടിസ്ഥാനത്തിലാണ്. ചക്ലിയ സമുദായവും തമിഴ് പാരമ്പര്യമുള്ള സമ്പന്ന വിഭാഗമായ കൗണ്ടർ സമുദായവും തമ്മിൽ ജാതി അടിസ്ഥാനത്തിലുള്ള പോര് പാലക്കാട് ജില്ലയിലെ തമിഴ് അതിർത്തി പ്രദേശത്ത് പുതുമയുള്ളതല്ല. 20 ഏക്കറിലധികം വിസ്തൃതി വരുന്നതും 410 കുടുംബങ്ങൾ അധിവസിക്കുന്നതുമായ അംബേദ്കർ കോളനിയിൽ 133 കുടുംബങ്ങൾ ചക്ലിയരുടേതാണ്. കൗണ്ടർ വിഭാഗവും ഇവിടെയുണ്ട്. നൂറോളം ആദിവാസി കുടുംബങ്ങളും. ഈഴവ -മുസ്ലിം -പരിവർത്തിത ക്രൈസ്തവ കുടുംബങ്ങൾക്ക് പുറമെ നാടാർ, ചെട്ടിയാർ കുടുംബങ്ങളും ഇവിടെയുണ്ട്.
ചക്ലിയ വിഭാഗത്തിൽപെട്ട പെൺകുട്ടിയും ഈഴവ യുവാവും തമ്മിൽ മേയ് 27ന് വിവാഹിതരായതിനെ ചൊല്ലി അരങ്ങേറിയ തർക്കവും സംഘർഷവുമായി ഹൈകോടതി ഇടപെടലിലെത്തിച്ച ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം. വീടുകൾ വിട്ടിറങ്ങിയ ചക്ലിയ സമുദായക്കാർ കോളനിയിലെ ക്ഷേത്ര വളപ്പിൽ തമ്പടിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല. എന്നാൽ, ചക്ലിയരടക്കമുള്ള കോളനി നിവാസികളുടെ ജീവിതം കരളലിയിക്കുന്നതാണ്. ആറ് മാസമായി തൊഴിലുറപ്പ് പണിയില്ല. 300 തൊഴിൽ കാർഡുകൾ ഇവിടെ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ചക്ലിയ സമുദായത്തിലെ വീരമ്മാളും ശെൽവിയും കണ്ണമ്മാളുമൊക്കെ തമിഴ്നാട്ടിൽ കൂലിക്ക് പോയാണ് കഷ്ടിച്ച് കഴിഞ്ഞുകൂടുന്നത്. കോളനിയിലെ റേഷൻ കാർഡുകളിൽ ചക്ലിയ വിഭാഗക്കാർ അധികവും എ.പി.എല്ലുകാരായത് വിചിത്രമായ ഇടപെടലുകൾ മൂലം. 43 ചക്ലിയ കുടുംബങ്ങൾ താമസിക്കുന്ന കൂരകൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വിധത്തിലാണ്. സ്വന്തം സ്ഥലവും വീടും ഇല്ലാത്തവരായി 33 കുടുംബങ്ങൾ വേറെ. പലർക്കും ശൗചാലയങ്ങളില്ല. 1979ൽ ഈ കോളനി രൂപവത്കരിച്ച നാൾ മുതൽ വിവേചനം കണ്ട് ജീവിക്കുന്നവരാണ് ഈ സമുദായം. അത്യാവശ്യ സൗകര്യങ്ങൾ ഒന്നുമില്ല. നാല് കുടിവെള്ള പദ്ധതികൾ ഉള്ളതിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം.
കോളനിയിലെ ഒരു വിഭാഗം ജീവിക്കാൻ പാടുപെടുമ്പോൾ റേഷൻ കാർഡിലെ മറിമായത്തിെൻറ ഗുണഭോക്താക്കളായി മറ്റൊരു വിഭാഗവും ഇതേ കോളനിയിൽ കഴിയുന്നതിലെ പൊരുത്തക്കേടാണ് വ്യത്യസ്ത ജാതിയിൽപെട്ടവരുടെ വിവാഹം പോലും വിവാദവും പ്രശ്നവുമാവാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. ജില്ല പൊലീസ് സൂപ്രണ്ടുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്ന് കോളനിയിലെത്തി വ്യത്യസ്ത സമുദായക്കാരുമായി ചർച്ച നടത്തിയ ജനപ്രതിനിധി സംഘത്തെ നയിച്ച എം.ബി. രാജേഷ് എം.പി പറയുന്നു. വീടുകളിലേക്ക് മടങ്ങിപ്പോകാൻ ചക്ലിയ സമുദായക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് പ്രാവർത്തികമാക്കുക 19ലെ ചർച്ചക്ക് ശേഷമാവുമെന്ന് കോളനിയിലെ സമുദായ നേതാവ് ശിവരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.