ദുരിതാശ്വാസ ക്യാമ്പിൽ ജാതി വിവേചനമെന്ന് ആക്ഷേപം
text_fieldsഹരിപ്പാട്: സർവതും നഷ്ടപ്പെട്ട് ജീവിതം ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുേമ്പാഴും ദുരിതാശ്വാസ ക്യാമ്പിൽ ജാതിവെറി അലയടിച്ചത് സാംസ്കാരിക കേരളത്തിന് അപമാനമായി. പള്ളിപ്പാട് ആഞ്ഞിലിമൂട് എം.എസ്.എൽ.പി സ്കൂളിലെ ക്യാമ്പിലാണ് ശനിയാഴ്ച മുതൽ സംഘർഷം അരങ്ങേറിയത്.18ന് വൈകീട്ടാണ് ഈ സ്കൂളിൽ 46 കുടുംബങ്ങളുമായി ക്യാമ്പ് തുടങ്ങിയത്. 24 ക്രിസ്ത്യാനികളും 22 പട്ടികജാതി കുടുംബങ്ങളുമാണ് ഉണ്ടായിരുന്നത്. ആദ്യദിവസങ്ങളിൽ വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, രണ്ടാമത്തെ ദിവസം ദലിതരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണെന്നും തങ്ങൾക്കുള്ള അരിയും സാധനങ്ങളും തന്ന് മറ്റൊരു ക്യാമ്പിലേക്ക് മാറ്റണമെന്നും കാണിച്ച് ഒരുവിഭാഗത്തിെൻറ നേതാവ് വില്ലേജ് ഒാഫിസർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകി. തുടർന്ന് ക്യാമ്പ് രണ്ടാക്കിയെന്നാണ് ആക്ഷേപം.
സംയുക്ത ക്യാമ്പ് നിലനിർത്താൻ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പരാതിക്കാർക്ക് സ്കൂളിനടുത്ത് മറ്റൊരു വീട്ടിൽ അനുബന്ധ ക്യാമ്പ് അനുവദിച്ചു. ക്യാമ്പ് രണ്ടാക്കിയതിൽ പ്രതിഷേധിച്ച് സ്കൂളിൽ കഴിയുന്ന വിഭാഗം ഹരിപ്പാട് പൊലീസ്, കലക്ടർ, മുഖ്യമന്ത്രി, പട്ടികജാതി വികസന കോർപറേഷൻ എന്നിവർക്ക് പരാതി നൽകി. ആഞ്ഞിലിമൂട്ടിൽ അച്ചാമ്മയുടെ നേതൃത്വത്തിലുള്ള 14 പേർക്കെതിെര പറമ്പിക്കേരി ഉത്തമനാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് പൊലീസും പട്ടികജാതി കോർപറേഷൻ അധികൃതരും ക്യാമ്പിലെത്തി അന്തേവാസികളുമായി സംസാരിച്ച് മൊഴി എടുത്തിരുന്നു. പ്രശ്നം പരിഹരിക്കാൻ ഇരുവിഭാഗെത്തയും ബുധനാഴ്ച 11ന് താലൂക്ക് ഒാഫിസിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ചർച്ചക്ക് വിളിച്ചിരിക്കുകയാണ്. പുറത്തുനിന്ന് ക്യാമ്പിൽ വന്ന ചിലരുടെ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നത്തിന് കാരണമെന്നാണ് താലൂക്കിലെ ക്യാമ്പുകളുടെ നേതൃത്വം വഹിക്കുന്ന തഹസിൽദാർ പി.എൻ. സാനു പറയുന്നത്. പുറത്തുനിന്ന് വന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഇവർ ക്യാമ്പിെല ചില പെൺകുട്ടികളുടെ ചിത്രം മൊബൈലിൽ എടുത്തതാണ് പ്രശ്നത്തിന് തുടക്കമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.