എൻഡോസൾഫാൻ ഇരയുടെ മൃതദേഹം കൊണ്ടു പോയത് ചുമന്ന്; ബി.ജെ.പി തണലിൽ അയിത്താചരണം
text_fieldsമംഗളൂരു: കർണാടക-കേരള സംസ്ഥാനങ്ങൾക്ക് അതിരുകീറുന്ന കാസർക്കോട് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിൽ ജന്മിത്തവും അയിത്താചരണവും നിലനിൽക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം ഈ പഞ്ചായത്തിലെ പൊസോളിഗയിൽ എൻഡോസൾഫാൻ ഇരയുടെ മൃതദേഹം ചുമന്നു കൊണ്ടു പോവുന്ന രംഗം എഴുത്തുകാരനും ആരോഗ്യ പ്രവർത്തകനുമായ നിസാം റാവുത്തർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ് കേരളം തലകുനിക്കേണ്ട ദുർവസ്ഥയിലേക്ക് സൂചനയായത്.
പാർട്ടികളും ജനപ്രതിനിധികളും അന്ത്യോദയ എക്സ്പ്രസിന് കാസർക്കോട് സ്റ്റോപ്പ് എന്ന ആവശ്യമുയർത്തി വിവിധ സമരങ്ങളിൽ വ്യാപൃതരാവുകയും മാധ്യമങ്ങൾ വട്ടമിടുകയും ചെയ്യുമ്പോഴാണ് എൻഡോസൾഫാൻ ഇര സീതുവിന്‍റെ (66) മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പൊസോളിഗയിൽ കൊണ്ടുവന്നത്. ആംബുലൻസ് അര കിലോമീറ്റർ അകലെ നിറുത്തി യുവാക്കൾ മൃതദേഹം ചുമന്ന് കയറ്റം താണ്ടി. പട്ടികജാതിക്കാരായ 78 കുടുംബങ്ങൾ താമസിക്കുന്ന ഈ സങ്കേതത്തിലേക്ക് പാതയൊരുക്കാൻ പഞ്ചായത്തിനും സർക്കാറിനും ഫണ്ടില്ലാത്തതോ ജനപ്രതിനിധികൾ സന്നദ്ധമാവാത്തതോ അല്ല പ്രശ്നമെന്ന് അന്വേഷണത്തിൽ അറിവായി.
പ്രദേശം ഒരു ജന്മിയുടെ വാഴ്ചയിലാണ്. പാത പണിതാൽ താഴ്ന്ന ജാതിക്കാർ സ്വാമിയെന്ന് വിളിക്കുന്ന അദ്ദേഹത്തിന്‍റെ വീടും കുടുംബവും തീണ്ടും. അയിത്താചരണത്തിന്‍റെ ലക്ഷ്മണരേഖക്കപ്പുറം നിരത്തിൽ മണ്ണിടാൻ പഞ്ചായത്തിനോ ജില്ല ഭരണകൂടത്തിനോ ആർജ്ജവമില്ല. കാസർക്കോട് നിയമസഭ മണ്ഡലത്തിൽ മഞ്ചേശ്വരം ബ്ലോക്കിൽ 64.59 കിലോമീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ എട്ട്, 10 വാർഡുകളിൽ ഉൾപ്പെട്ട പ്രദേശത്തെ 100 ഏക്കറോളം പല ആധാരങ്ങളിലായി ഇദ്ദേഹത്തിന്‍റെ കൈവശമാണത്രെ.
9101 മാത്രമാണ് ജനസംഖ്യ. സാക്ഷരത-69.37 ശതമാനം. പട്ടിക ജാതി സംവരണ അംഗം ബി.ജെ.പിക്കാരിയായ എം. ലത പ്രസിഡന്‍റായ ഭരണസമിതിയിൽ ബി.ആർ. വിശാലാക്ഷി, എൻ.എ. മനോഹര, കെ. ജയകുമാര, മാലതി ജെ.റൈ, വി. രാധ, കെ. ഗീത, സുജാത എം.റൈ (എല്ലാവരും ബി.ജെ.പി), ഉഷ, ബാബു ആനക്കളം (ഇരുവരും സി.പി.എം), സി.വി. പുരുഷോത്തമൻ, സകീന ബാനു (ഇരുവരും സ്വതന്ത്രർ) എന്നിവരാണ് അംഗങ്ങൾ.
മൂന്ന് മാസം മുമ്പ് പാമ്പ് കടിയേറ്റ ദലിത് യുവാവ് തത്സമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. വാഹനസൗകര്യം ഇല്ലാത്തതായിരുന്നു കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് ജന്മിക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയിരുന്നു.
പ്രസിഡന്‍റും സെക്രട്ടറിയും ജന്മിക്ക് മുഖം കാണിച്ച് സമ്മതം ചോദിച്ചു. അനുമതി ലഭിക്കാത്തതിനാൽ റിപ്പോർട്ട് അയക്കാനുള്ള നിർദേശം പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിച്ചു. ഈ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം കുംബടാജെ പഞ്ചായത്തിലേക്ക് സ്ഥലംമാറി പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.