ജാതിവിവേചനം അവസാനിപ്പിക്കണം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ദീപ പി. മോഹനന്‍ എന്ന വിദ്യാര്‍ഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംഭവങ്ങളാണ് ദീപയുടെ പഠന കാലഘട്ടത്തിലുടനീളം ഉണ്ടായത്. പി.എച്ച്.ഡിക്ക് ഇരിപ്പിടം അനുവദിക്കാത്തതടക്കം കൊടിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്.
സ്വന്തം പാര്‍ട്ടിയുടെ ദലിത് പ്രേമം വെള്ളിത്തിരയില്‍ കണ്ട് കൈയടിക്കുന്ന മന്ത്രിമാരും സി.പി.എം സഹയാത്രികരും ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. 1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ചുമതലയേല്‍ക്കുമ്പോള്‍, അതേവര്‍ഷം കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും ദലിത് സാമൂഹിക പ്രവര്‍ത്തകനുമായ ദാമോദരം സഞ്ജീവയ്യയെ ആയിരുന്നു.
1964ല്‍ നിലവില്‍ വന്ന സി.പി.എമ്മിന്‍റെ ചരിത്രത്തിലിന്നുവരെ പോളിറ്റ്ബ്യുറോയില്‍ ദലിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലാത്തത് ആ പാര്‍ട്ടി പുലര്‍ത്തുന്ന ദലിത് വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കോണ്‍ഗ്രസ് നേതാവായ എം.എ. കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് ഇ.കെ. നായനാര്‍ ജാത്യാധിക്ഷേപം നടത്തിയിരുന്നു. പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പോലും അതിക്രൂരമായ ദലിത് പീഡനങ്ങളാണ് അരങ്ങേറിയത്.
വടയമ്പാടിയില്‍ സാമൂഹിക ഭ്രഷ്ടിനെതിരെ സമരം ചെയ്ത ദലിത് സമൂഹത്തെ തല്ലിച്ചതച്ച കാഴ്ച കേരളം മറന്നിട്ടില്ല. ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി കൊന്ന കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ വെക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറാണ് ഇവിടെയുള്ളത്. അതേ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും പിന്നീട് എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചതുമെല്ലാം കേരളം കണ്ടതാണ്.
ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളോട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള വിരുദ്ധതയുടെ ചരിത്രം ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും അപകടകരം. ദീപക്ക് അനുകൂലമായ കോടതിവിധികള്‍ പോലും അട്ടിമറിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജാതിചിന്തകള്‍ക്കെതിരെ പടപൊരുതുന്ന ദീപക്ക് കെ.പി.സി.സിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.