ശബരിമല മേൽശാന്തിയുടെ ജാതി: സർക്കാർ നിലപാട് ഇന്നറിയാം; ദേവസ്വം ബെഞ്ചിന്‍റെ നടപടികൾ തത്സമയം കാണാം
text_fieldsകൊച്ചി: ശബരിമല മേൽശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് വാദം കേൾക്കും. മേൽശാന്തി നിയമനം സംബന്ധിച്ച കേരള സർക്കാറിന്‍റെ നിലപാട് കോടതിയിൽ ഇന്ന് വ്യക്തമാക്കും. ഹൈകോടതി നടപടികൾ വിഡിയോ കോൺഫറൻസിങ് വഴി https://hckerala.gov.in/video_conference.php തത്സമയം കാണാം.
അതേസമയം, ശബരിമല മേൽശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. മേൽശാന്തി നിയമനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സിജിത്ത് ടി.ൽ, വിജീഷ് പി.ആർ, സി.വി. വിഷ്ണു നാരായണൻ എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഡിസംബർ മൂന്നിന് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവർ അംഗങ്ങളായ ദേവസ്വം ബെഞ്ച് കേസ് പ്രത്യേകമായി പരിഗണിച്ചിരുന്നു.
അതേസമയം, ഇടതു സർക്കാർ രൂപീകരിച്ച നവോഥാന സമിതിയുടെ സെക്രട്ടറി പി. രാമഭദ്രൻ ദേവസ്വം നിലപാടിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ശാന്തി നിയമനത്തിലെ അയിത്താചരണം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് മലയരയ മഹാസഭയും ആവശ്യപ്പെട്ടു.
ശബരിമല മേൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് സ്വീകരിക്കുന്ന നിലപാട് പച്ചയായ ജാതി വിവേചനവും അയിത്താചരണവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. ഡിസംബർ 15ന് പുറത്തിറങ്ങിയ യോഗനാദത്തിന്‍റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഹൈകോടതി മുൻപാകെ ജാതി വിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവോഥാന സമിതിയും എസ്.എൻ.ഡി.പിയും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. സി.പി.ഐ സാംസ്കാരിക സംഘടനയായ യുവ കലാസാഹിതിയും ദേവസ്വം ബോർഡ് നിലപാടിനെ വിമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.