ഐ.ഐ.എമ്മിൽ ജാതിപീഡനം; സമരത്തിനൊരുങ്ങി മുൻ ജീവനക്കാരി
text_fieldsകോഴിക്കോട്: ഐ.ഐ.എമ്മിൽ ജാതിപീഡനത്തിനിരയാകുന്നുവെന്ന് ആരോപിച്ച് മുൻ ജീവനക്കാരി സ്മിജ സമരത്തിനൊരുങ്ങുന്നു. ലൈംഗിക അതിക്രമ പരാതി നൽകിയ സഹപ്രവർത്തകക്കൊപ്പം നിന്നതിന്റെ പേരിലാണ് ജോലിയിൽനിന്ന് പിരിച്ചുവിടുകയും ജാതിയുടെ പേരിൽ അവഹേളിക്കുകയും ചെയ്തതെന്ന് സ്മിജ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഐ.ഐ.എമ്മിൽ അസിസ്റ്റന്റ് ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി ചെയ്ത, എസ്.സി വിഭാഗത്തിൽപെട്ട സ്മിജയെ മുന്നറിയിപ്പ് കൂടാതെ സെപ്റ്റംബർ 20ന് ജോലിക്കെത്തിയപ്പോൾ ഗേറ്റിൽവെച്ച്, പിരിച്ചുവിട്ടെന്ന് അറിയിക്കുകയായിരുന്നു. സ്മിജയുടെ സഹപ്രവർത്തക മറ്റൊരു ഉദ്യോഗസ്ഥനെതിരെ നൽകിയ ലൈംഗിക പരാതി പ്രകാരം ആ ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. അതിനുശേഷമാണ് താൻ പല തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടതെന്നും സ്മിജ പറഞ്ഞു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ നൽകിയ പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. ജാതീയമായി പീഡിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.ഐ.മ്മിനും ഉത്തരമേഖല എ.ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ, മെഡിക്കൽ കോളജ് എ.സി.പി, വനിത സെൽ, കുന്ദമംഗലം പൊലീസ് സ്റ്റേഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നത്.
അംബേദ്കർ മഹാപരിഷത്തിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ പൊലീസ് മേധാവിയുടെ ഓഫിസിനുമുന്നിലും ഐ.ഐ.എമ്മിനുമുന്നിലും നവംബർ ഒന്നിന് സത്യഗ്രഹ സമരം നടത്തുമെന്നും സ്മിജ പറഞ്ഞു. അംബേദ്കർ മഹാപരിഷത്ത് ഭാരവാഹികളായ രാമദാസ് വേങ്ങേരി, ടി.വി. ബാലൻ പുല്ലാളൂർ, പ്രിയ കട്ടാങ്ങൽ, പി.വി. ദാമോദരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.