ജാതിസംവരണം അവസാനിപ്പിക്കണം; വർഗീയസ്പർധ പടർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻ.എസ്.എസ്
text_fieldsകോട്ടയം: ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ്. വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണ് ജാതിസംവരണം നടപ്പാക്കിയതെന്നും ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. എൻ.എസ്.എസ് ബജറ്റ് സമ്മേളന പ്രസംഗത്തിലാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണം.
ജാതിസെൻസസ് രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് ജാതിസെൻസസിനായുള്ള മുറവിളി ഉയരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ ഇരു സർക്കാറുകളും അകറ്റിനിർത്തുകയാണ്. വർഗീയസ്പർധ പടർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും സുകുമാരൻ നായർ പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ സ്‌കൂൾ, കോളജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് മേഖലയെ മനപ്പൂർവം തകർക്കുകയാണ്. ഇത് ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.