വാഹനമിടിച്ച് പൂച്ച റോഡില്‍ പിടഞ്ഞു; കിലോമീറ്ററുകള്‍ താണ്ടി ചികിത്സ നല്കി യുവാക്കള്‍
text_fieldsശാന്തപുരം: കണ്മുന്നില് വാഹനമിടിച്ച് റോഡില്‍ ചോരയൊലിച്ച് പിടയുന്ന പൂച്ചയെ അവഗണിച്ച് നോക്കിനിന്നില്ല, ഈ യുവാക്കള്‍. പൂച്ചയെയും കുഞ്ഞുങ്ങളെയും വാരിയെടുത്ത് ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുകയായിരുന്നു. മൂന്ന് ദിവസം പ്രായമായ രണ്ട് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് അമ്മയെ തിരികെ നല്കാന് കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് പള്ളിക്കുത്ത് ചുങ്കം യങ്സ് ക്ലബ് ഭാരവാഹികള്‍.
വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ചുങ്കം ജങ്ഷന് പെരിന്തല്‍മണ്ണ റോഡിലെ മിനി ഹോസ്പിറ്റലിന് മുന്നില്‍ വാഹനമിടിച്ച് പൂച്ചക്ക് ഗുരുതരമായി പരിക്കേറ്റത്. തൊട്ടരികില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കാലുകളും താടിയെല്ലും പൊട്ടിയ പൂച്ചക്ക് യുവാക്കള്‍ ചികില്‍സ നല്കാന് തീരുമാനിച്ചു. ക്ലബ് അംഗങ്ങളായ വി.കെ. ജാഫര്‍, പി.കെ. ഷിബിന്‍, വി. ഫൈസല്‍, ഇ. ഇബ്രാഹിം എന്നിവര്‍ പൂച്ചയെ ഏറ്റെടുത്തു. തൊട്ടടുത്ത കാര്യാവട്ടം വെറ്ററിനറി ആശുപത്രിയിലും പെരിന്തല്‍മണ്ണയിലും മലപ്പുറത്തും എത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് അറിയിച്ചു.
വയനാട് വെറ്ററിനറി ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ മണ്ണുത്തി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃശൂര്‍ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയക്ക് ശേഷം പൂച്ചയുമായി യങ്സ് ക്ലബ് ഭാരവാഹികള്‍ നാട്ടിലേക്ക് തിരിച്ചു. ഇപ്പോള്‍ പൂച്ച പതിയെ ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങിയിട്ടുണ്ട്. പൂച്ചയുടെയും കുട്ടികളുടെയും തുടര്‍ന്നുള്ള പരിചരണവും ചികിത്സയും ഏറ്റെടുത്തിരിക്കുകയാണ് ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.