സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ഇരട്ടത്താപ്പെന്ന് 'കത്തോലിക്കാസഭ'
text_fieldsതൃശൂർ: സർക്കാറിന്റെ ലഹരിവിരുദ്ധ കാമ്പയിനെ വിമർശിച്ച് കത്തോലിക്കാസഭ. മദ്യത്തിനെതിരെ നിശബ്ദത പാലിക്കുന്ന സർക്കാർ മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൽ ഇരട്ടത്താപ്പുണ്ടെന്ന് തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
കേരളത്തിലെ കഞ്ചാവിന്റെയും ലഹരി വസ്തുക്കളുടെയും വിൽപന തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നു. മദ്യവും മയക്കുമരുന്നും നിർബാധം ഒഴുക്കാൻ അവസരമുണ്ടാക്കിയ സർക്കാർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണ്.
തൃശൂരിൽ മയക്കുമരുന്നുമായി പിടിയിലായവരിൽ നിന്ന് 250ഓളം വിദ്യാർഥികളുടെ പേരും ഫോൺനമ്പറുമടങ്ങുന്ന ലിസ്റ്റ് കണ്ടെത്തിയത് ഈ വിനാശത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. നാടിനെ മദ്യവും മയക്കുമരുന്നും നശിപ്പിക്കുകയാണെന്നും ഭാവി തലമുറ ഈ ചതിയിൽ ഇല്ലാതാവുകയാണെന്നും സഭ നേരത്തെ നൽകിയ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്.
മയക്കുമരുന്നിന് പിന്നിൽ ചില തീവ്രവാദി ഗ്രൂപ്പുകളുമുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കഴിഞ്ഞ വർഷം പാലാ ബിഷപ് നാർക്കോട്ടിക് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയത്. എന്നാൽ പ്രസംഗത്തെ വർഗീയവത്കരിക്കാനാണ് ശ്രമിച്ചത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമുണ്ടായിരുന്നത് ഇപ്പോൾ ആയിരത്തോളമായി വർധിച്ചു. വിദേശത്ത് നിന്നടക്കം ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ മലയാളികളുണ്ടെന്നാണ് കണ്ടെത്തൽ. നാളുകൾക്ക് മുമ്പ് കൊച്ചി തീരത്ത് പാകിസ്താൻകാരൻ കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടിയത് സഭ നേതൃത്വത്തിന്റെ മുന്നറിയിപ്പ് ശരിവെക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.