കാത്തലിക് സിറിയൻ ബാങ്കിൽ ‘ശുദ്ധീകരണം’; അമ്പതിലധികം ശാഖകൾ ലയിപ്പിക്കുന്നു
text_fieldsതൃശൂർ: ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിെൻറ കൈകളിലേക്ക് നിയന്ത്രണമെത്താൻ കാത്തിരിക്കുന്ന കാത്തലിക് സിറിയൻ ബാങ്കിൽ മുന്നോടിയായി ‘ശുദ്ധീകരണം’. നഷ്ടത്തിലുള്ള അമ്പതിലധികം ശാഖകൾ ലയിപ്പിച്ചും ട്രേഡ് യൂനിയൻ നേതാക്കളെ സ്ഥലംമാറ്റിയുമാണ് കളമൊരുക്കൽ. ബാങ്ക് മാനേജ്മെൻറ് നടപടികൾക്കെതിരെ മേഖലയിലെ എല്ലാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം പകുതിയോടെ ആരംഭിച്ച ശാഖാ ലയനം ഇൗമാസം15ന് പൂർത്തിയാക്കാനാണ് നിർദേശം. 70ഒാളം ശാഖകൾ ലയിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ, അതത് പ്രദേശങ്ങളിലെ പ്രമുഖരുടെ ഇടപെടലിൽ ചിലത് ഒഴിവാക്കി. നിർത്തുന്ന ശാഖക്ക് മുന്നിൽ നോട്ടീസ് പതിച്ചും അക്കൗണ്ട് ഉടമകൾക്ക് കത്തയച്ചും പുതിയ ശാഖ ഏതെന്ന് അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എം.ഡിയായ സി.വി.ആർ. രാജേന്ദ്രൻ വിളിച്ച യോഗത്തിൽ ചില സംഘടനാ പ്രതിനിധികൾ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, സംഘടനയുടെ വിയോജിപ്പ് മിനിറ്റ്സ് ചെയ്യണമെന്ന നിർബന്ധത്തിന് വഴങ്ങേണ്ടിയും വന്നു. അതിലുള്ള പ്രതികാര നടപടി കൂടിയായാണ് സ്ഥലംമാറ്റം വന്നത്.
തൃശൂരിലെ െഹഡ് ഒാഫിസിൽ ജോലിചെയ്യുന്ന ഒാഫിസർ സംഘടനയുടെ ജനറൽ സെക്രട്ടറിയായ വനിതയെ എറണാകുളത്തേക്ക് മാറ്റി. ട്രഷററെ മാറ്റിയത് ഹൈദരാബാദിലേക്കാണ്. ഒാഫിസർ സംഘടനയുടെ പ്രധാന ഭാരവാഹികളെല്ലാം സ്ഥലംമാറ്റപ്പെട്ടു. ക്ലറിക്കൽ ജീവനക്കാരെയും വ്യാപകമായി മാറ്റി. തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിനെപ്പോലെ കാത്തലിക് സിറിയനും കുറച്ചുകാലമായി ബിസിനസിൽ വെല്ലുവിളി നേരിടുന്നുണ്ട്.
മൂലധനം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിെൻറ പേരിൽ ചെയർമാൻ സന്താനകൃഷ്ണനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് എം.ഡി ആനന്ദ് കൃഷ്ണമൂർത്തി രാജിവെച്ച ഒഴിവിലാണ് രാജേന്ദ്രൻ നിയമിക്കപ്പെട്ടത്. ഇടക്കാലത്ത് ബാങ്കിെൻറ പലയിടത്തുമുള്ള ആസ്തി വിൽക്കാനുള്ള നീക്കം സംഘടനകളുടെ ചെറുത്തുനിൽപിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഫെയർഫാക്സിന് കാത്തിലിക് സിറിയൻ ബാങ്കിൽ 51 ശതമാനം ഒാഹരി അവകാശത്തിനാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ഇതിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബാങ്കിലെ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഹെഡ് ഒാഫിസിന് മുന്നിൽ ശക്തമായ പ്രതിഷേധം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.