സഭാതർക്കം: മധ്യസ്ഥചർച്ച നിർദേശം തള്ളി കാതോലിക്ക ബാവ
text_fieldsകോട്ടയം: സഭാ തർക്കത്തിൽ മധ്യസ്ഥശ്രമങ്ങളെ ഓർത്തഡോക്സ് സഭ പൂർണമായും തള്ളിയതോടെ മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുവന്ന വിവിധ ക്രൈസ്തവസഭ മേലധ്യക്ഷരും ഇതിനെ പിന്തുണച്ച സർക്കാറും യാക്കോബായ സഭയും വെട്ടിലായി. ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലെ പ്രശ്നം പരിഹരിക്കാൻ അനുരഞ്ജന ചർച്ച നടത്തണമെന്നും എല്ലാ സഹായവും നൽകാൻ തയാറാണെന്നും വ്യക്തമാക്കി അഞ്ച് ക്രൈസ്തവ സഭാ മേലധ്യക്ഷർ ഇരുസഭകളുടെയും ബാവമാർക്ക് കത്തയച്ചതിന് പിന്നാലെയാണ് ചർച്ചകൾക്ക് താൽപര്യമില്ലെന്നറിയിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിത്വീയൻ കാതോലിക്ക ബാവ പരസ്യമായി രംഗത്തുവന്നത്.
ചർച്ച നടത്തുന്നതിനോട് താൽപര്യമില്ലെന്നറിയിച്ച് ഇതര ക്രൈസ്തവ സഭാ മേലധ്യക്ഷർക്ക് കത്തയക്കുമെന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതോടെ വിഷയത്തിൽ എന്തു നിലപാടെടുക്കുമെന്ന ആശയക്കുഴപ്പത്തിലായി ക്രൈസ്തവ സഭാ മേലധ്യക്ഷർ.
തങ്ങളുടെ നിർദേശം ചർച്ചപോലും ചെയ്യാെത തള്ളിയതും അവരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം യാക്കോബായ സഭയാകട്ടെ വിഷയത്തിൽ ഇനിയും പരസ്യപ്രതികരണത്തിന് മുതിർന്നിട്ടുമില്ല. കത്തിൽ സഭയുടെ വിവിധ തലങ്ങളിൽ ചർച്ചചെയ്യാതെ കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കിയതിൽ സഭയിലും അതൃപ്തിയുണ്ട്.
എന്നാൽ, പരസ്യപ്രതികരണത്തിന് ആരും തയാറായിട്ടില്ല. സഭാ വിഷയത്തിൽ സഭാനേതൃത്വത്തെ വിമർശിച്ച് ഏതാനും സീനിയർ വൈദികർ നേരത്തേ രംഗത്തുവന്നിരുന്നു. വൈദികരുടെ നിർദേശവും അപ്പാടെ തള്ളിയ ബാവ മറ്റ് സഭാ നേതാക്കളുടെ അഭ്യർഥന ചർച്ചചെയ്യാതെ തള്ളിയതിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടത്രേ.
സഭാതർക്കത്തിൽ സ്വന്തം സഭയിൽനിന്ന് പോലും എതിർശബ്ദങ്ങൾ ഉയർന്നിട്ടും വിഷയം ചർച്ചചെയ്യാത്ത നിലപാടിലും പ്രതിഷേധം ശക്തമാണ്. ശവസംസ്കാരച്ചടങ്ങുകൾ പോലും സഭാതർക്കത്തിൽപെട്ട് നടക്കാത്ത സാഹചര്യത്തിൽ വിഷയം ഗൗരവമായി കാണണമെന്നാണ് മറ്റ് സഭാനേതൃത്വത്തിെൻറയും നിലപാട്. എന്നാൽ, ഓർത്തഡോക്സ് വിഭാഗം ചർച്ചക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സഭാതർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ഇതര ക്രൈസ്തവ സഭകളുടെ നിലപാടിനെ മുഖ്യമന്ത്രിയും സ്വാഗതം ചെയ്തിരുന്നു. മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്ക ബാവ, ആർച് ബിഷപ് സൂസപാക്യം, ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, ബിഷപ് തോമസ് കെ. ഉമ്മൻ എന്നിവരാണ് സഭാപ്രശ്നപരിഹാരത്തിന് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.