പെരുന്നാളുകൾക്ക് മാംസാഹാരം വിലക്കിയുള്ള കാതോലിക്ക ബാവയുടെ കൽപന പിൻവലിച്ചു
text_fieldsകോലഞ്ചേരി: പെരുന്നാളുകൾക്ക് മാംസാഹാരം വിലക്കിയുള്ള കാതോലിക്ക ബാവയുടെ കൽപന യാക്കോബായ സഭനേതൃത്വം പിൻവലിച്ചു. പകരം പെരുന്നാളുകൾക്ക് മാംസാഹാരം ഉപയോഗിക്കാൻ അനുമതി നൽകി പുതിയ കൽപന കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഇടവക പള്ളികൾക്ക് അയച്ചു.
2015 മേയിൽ നടന്ന വാർഷിക സുന്നഹദോസിെൻറ തീരുമാനമെന്ന പേരിലാണ് സഭക്ക് കീഴിെല ഇടവക പള്ളികളിൽ പെരുന്നാളുകൾക്ക് മാംസാഹാരം വിലക്കി സഭനേതൃത്വം കൽപനയിറക്കിയത്. എന്നാൽ, പരമ്പരാഗതമായി പെരുന്നാളുകൾക്ക് മാംസാഹാരം ഉണ്ടാക്കിയിരുന്ന പല പള്ളികളും കൽപന നടപ്പാക്കാൻ വിസമ്മതിച്ചു. കൂടാതെ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പ്രീതിപ്പെടുത്താനുള്ള നടപടിയാണെന്ന് ചൂണ്ടിക്കാട്ടി അൽമായ ഫോറം അടക്കമുള്ള സംഘടനകളും കൽപനക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇത് നടപ്പാക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞ് വീണ്ടും മൂന്ന് കൽപനകൂടി പള്ളികൾക്കയച്ചു. ഇതിനുശേഷവും പല പള്ളികളും പെരുന്നാളിന് മാംസാഹാരം വിളമ്പി. ഒടുവിൽ, രണ്ടാഴ്ച മുമ്പ് വടക്കൻ പറവൂർ സെൻറ് തോമസ് യാക്കോബായ പള്ളിയിൽ അബ്ദുൽ ജലീൽ ബാവയുടെ 336-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അറുപതിനായിരത്തോളം വിശ്വാസികൾക്കാണ് ഇറച്ചിസദ്യ വിളമ്പിയത്. ഇറച്ചിസദ്യ വിളമ്പുന്ന പള്ളികളിൽ പെരുന്നാളാഘോഷങ്ങൾക്ക് മെത്രാപ്പോലീത്തമാർ പങ്കെടുക്കരുതെന്ന സഭനേതൃത്വത്തിെൻറ വിലക്ക് ലംഘിച്ച് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഇവിടെ കുർബാനക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അങ്കമാലി ഭദ്രാസനത്തിലെ ഏഴ് പള്ളികളിൽ ഇദ്ദേഹത്തെ പെരുന്നാൾ കുർബാനക്ക് ക്ഷണിച്ച വിവരം പുറത്തായത്. നിലവിൽ സഭനേതൃത്വവുമായി കടുത്ത ഭിന്നതയിലുള്ള ഇദ്ദേഹം കൽപനക്കെതിരെ വിശ്വാസികളിൽ നിലനിൽക്കുന്ന അതൃപ്തി മുതലെടുക്കുമെന്ന് തിരിച്ചറിഞ്ഞതാണ് കൽപന പിൻവലിക്കാൻ കാരണമെന്നാണ് വിവരം.
പള്ളികൾക്ക് സമീപം മൃഗങ്ങളെ കശാപ്പുചെയ്യാതിരിക്കാൻ ശ്രമിക്കണമെന്നാണ് പുതിയ കൽപനയിൽ കാതോലിക്ക ബാവ പറയുന്നത്. മെത്രാപ്പോലീത്തമാരുടെ വാർഷിക സുന്നഹദോസ് നടക്കുന്ന ഈ മാസം 29, 30 തീയതികളിൽ വിശ്വാസികൾ മെത്രാപ്പോലീത്തമാരെ സന്ദർശിക്കാനോ പരിപാടികൾക്ക് ക്ഷണിക്കാനോ പങ്കെടുപ്പിക്കാനോ പാടില്ലെന്നും കൽപനയിൽ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.