തോമസ് പ്രഥമൻ ബാവക്ക് വിട; ആയിരക്കണക്കിന് വിശ്വാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു
text_fieldsകൊച്ചി: അജപാലനദൗത്യം പൂർത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയ മലങ്കരയുടെ ശ്രേഷ്ഠ ഇടയന് വിടനൽകി വിശ്വാസികൾ. വ്യാഴാഴ്ച വൈകീട്ട് അന്തരിച്ച യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കാണ് ആയിരങ്ങൾ പ്രാർഥനാനിർഭരമായ വിട നൽകിയത്. വെള്ളിയാഴ്ച രാത്രി സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെന്‍ററിൽ എത്തിച്ച ഭൗതികശരീരത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണെത്തിയത്. വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതരംഗങ്ങളിലെ പ്രമുഖരടക്കം നിരവധിപേരും എത്തി. കബറടക്ക ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ടോടെയാണ് പാത്രിയാർക്ക സെന്‍ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയാരംഭിച്ചത്. തുടർന്ന് 10.30ഓടെ പൊതുദർശനം ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ബെന്നി ബഹനാൻ, ശശി തരൂർ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ഹാരിസ് ബീരാൻ, നടൻ മമ്മൂട്ടി, ജോസഫ് മാർബർണബാസ്, ഐസക് മാർ പീലക്സിനോസ്(മാർത്തോമ സഭ), കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സാമുവൽ മാർ ഐറേനിയോസ്, റാഫേൽ തട്ടിൽ, മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി. തുടർന്ന് സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം കബറടക്ക ചടങ്ങുകൾ ആരംഭിച്ചു.
സഭ മെത്രാപ്പാലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പാലീത്തയുടെ മുഖ്യകാർമികത്വത്തിലും സഭയിലെ ഇതര മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലുമാണ് ചടങ്ങുകൾ നടന്നത്. വൈകീട്ട് 5.30ഓടെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ പ്രത്യക കല്ലറയിൽ കബറടക്ക ചടങ്ങുകൾ പൂർത്തിയായതോടെ അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ സജീവ സാന്നിധ്യമായിരുന്ന സംഭവബഹുലമായ ജീവിതത്തിനാണ് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.