ശ്രേഷ്ഠ ബാവക്ക് കൊടുത്ത വാക്ക് പാലിക്കും-മുഖ്യമന്ത്രി
text_fieldsകൊച്ചി: സഭ തർക്കം പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ തോമസ് പ്രഥമൻ ബാവക്ക് ആദരാഞ്ജലികൾ അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഭ കാര്യങ്ങളില് ശ്രേഷ്ഠ ബാവക്ക് മനഃപ്രയാസങ്ങൾ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. സഭ തർക്കം തന്റെ ജീവിതകാലത്ത് തീർക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലും അതിനുമുമ്പും പ്രശ്നപരിഹാരത്തിന് പല ഇടപെടലുകളും നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് സർക്കാറിന് എന്തു നിലപാടും സ്വീകരിക്കാം, താനും സഭയും ഒപ്പമുണ്ടാകും എന്നാണ് ശ്രേഷ്ഠ ബാവ തന്നോട് പറഞ്ഞത്. പ്രശ്നപരിഹാരമാണ് വലുത് എന്ന വാക്കിൽ അദ്ദേഹം അണുവിട മാറ്റംവരുത്തിയില്ല. എന്നാൽ, എല്ലാ ശ്രമവും നടത്തിയെങ്കിലും പരിഹാരം സാധ്യമായില്ല. എല്ലാക്കാലത്തും തികഞ്ഞ പോരാളിയായിരുന്നു അദ്ദേഹം. പൗരോഹിത്യത്തിന്റെ നിറവിൽ നിൽക്കുമ്പോഴും തെറ്റിനെതിരെ ശക്തമായി നിലകൊള്ളാനും ശരിക്കുവേണ്ടി ഏതറ്റം വരെയും പോകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ശ്രേഷ്ഠ ഇടയന് വിടനൽകി വിശ്വാസികൾ; പ്രമുഖർ അന്തിമോപചാരമർപ്പിച്ചു
കൊച്ചി: അജപാലനദൗത്യം പൂർത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയ മലങ്കരയുടെ ശ്രേഷ്ഠ ഇടയന് വിടനൽകി വിശ്വാസികൾ. വ്യാഴാഴ്ച വൈകീട്ട് അന്തരിച്ച യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കാണ് ആയിരങ്ങൾ പ്രാർഥനാനിർഭരമായ വിട നൽകിയത്. വെള്ളിയാഴ്ച രാത്രി സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ എത്തിച്ച ഭൗതികശരീരത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണെത്തിയത്. വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതരംഗങ്ങളിലെ പ്രമുഖരടക്കം നിരവധിപേരും എത്തി. കബറടക്ക ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ടോടെയാണ് പാത്രിയാർക്ക സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയാരംഭിച്ചത്.
തുടർന്ന് 10.30ഓടെ പൊതുദർശനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ബെന്നി ബഹനാൻ, ശശി തരൂർ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ഹാരിസ് ബീരാൻ, നടൻ മമ്മൂട്ടി, ജോസഫ് മാർബർണബാസ്, ഐസക് മാർ പീലക്സിനോസ്(മാർത്തോമ സഭ), കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സാമുവൽ മാർ ഐറേനിയോസ്, റാഫേൽ തട്ടിൽ, മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി. തുടർന്ന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം കബറടക്ക ചടങ്ങുകൾ ആരംഭിച്ചു.
സഭ മെത്രാപ്പാലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പാലീത്തയുടെ മുഖ്യകാർമികത്വത്തിലും സഭയിലെ ഇതര മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലുമാണ് ചടങ്ങുകൾ നടന്നത്. വൈകീട്ട് 5.30ഓടെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ പ്രത്യക കല്ലറയിൽ കബറടക്ക ചടങ്ങുകൾ പൂർത്തിയായതോടെ അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ സജീവ സാന്നിധ്യമായിരുന്ന സംഭവബഹുലമായ ജീവിതത്തിനാണ് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.