പാൽ ഉൽപാദനത്തിനും തിരിച്ചടിയാകും
text_fieldsകോട്ടയം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര ഉത്തരവ് പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന കേരളത്തിെൻറ ലക്ഷ്യത്തിനും തിരിച്ചടിയാകും. പ്രതീക്ഷപകർന്ന് സംസ്ഥാനത്ത് പാൽ ഉൽപാദനം കുതിച്ചുയരുന്നതിനിടെയാണ് കേന്ദ്രതീരുമാനം. മിൽമയുടെ കണക്കനുസരിച്ച് രണ്ടുലക്ഷം ലിറ്റർ പാലിെൻറ വർധനയാണുള്ളത്. പാൽ ഉൽപാദനം കൂടിയതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന പാലിെൻറ അളവും മിൽമ കുറച്ചിരുന്നു. കഴിഞ്ഞവർഷം എപ്രിൽ, മേയ് മാസങ്ങളിൽ 4.75 ലക്ഷം ലിറ്റർ പാലാണ് മിൽമ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിച്ചതെങ്കിൽ ഇപ്പോഴിത് 2.50 ലക്ഷം ലിറ്ററായി കുറഞ്ഞു.
മലബാർ മേഖലയിൽ 80 ലക്ഷം ലിറ്ററും ഏറണാകുളത്ത് 55 ലക്ഷവും തിരുവനന്തപുരത്ത് 65 ലക്ഷം ലിറ്ററുമാണ് പ്രതിദിന വർധന. ഇൗ നിലയിൽ മുന്നോട്ടുപോയാൽ സംസ്ഥാനത്തിനാവശ്യമായ പാൽ മാസങ്ങൾക്കുള്ളിൽ ഇവിടെനിന്നുതന്നെ സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു മിൽമ. മൊത്തം പാൽ ഉൽപാദനത്തിൽ 10.4 ശതമാനത്തിെൻറ വർധനയുണ്ടായതായി ക്ഷീരവികസനവകുപ്പും വ്യക്തമാക്കുന്നു. എന്നാൽ, ഇൗ മേഖലയിലുണ്ടായ ഉണർവിന് കേന്ദ്ര ഉത്തരവ് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് ഇപ്പോൾ ക്ഷീരവികസനവകുപ്പും മിൽമയും.
സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകരിൽ ഭൂരിഭാഗവും രണ്ട് പശുക്കളെ വളർത്തുന്നവരാണ്. കറവവറ്റുന്ന പശുക്കളെ കശാപ്പുകാർക്ക് വിറ്റശേഷം ഇൗ പണം ഉപയോഗിച്ച് പുതിയ കിടാവിനെ വാങ്ങുകയാണ് പതിവ്. കശാപ്പിനായി വിൽക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായാൽ ഇവരെ ഇത് ഗുരുതരമായി ബാധിക്കും. പശുക്കളുടെ ആയുസ്സ് 20-25 വർഷം വരെയാണെങ്കിലും പത്തുവർഷത്തിനശേഷം ആദായമില്ലാതാവുകയാണ് പതിവ്. ആദായമില്ലാത്ത ഒരുപശുവിനെ പോറ്റാൻ കുറഞ്ഞത് നൂറുരൂപ ചെലവുവരും. മനുഷ്യ അധ്വാനം ഇതിനുപുറെമയാണ്. ഇങ്ങനെ ആദായമില്ലാത്ത പശുവിനെ വളർത്തേണ്ട സാഹചര്യമുണ്ടായാൽ വലിയ കൊഴിഞ്ഞുപോക്കുണ്ടാകും. പുതിയതായി ഇൗ മേഖലയിലേക്ക് എത്താൻ കർഷകർ മടിക്കും.
മലയോര മേഖലകളിലെല്ലാം റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവിനെത്തുടര്‍ന്ന് കര്‍ഷകര്‍ കൂട്ടമായി പശുവളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. വന്‍തോതില്‍ ഫാം മാതൃകയിലും പലരും രംഗത്തെത്തി. ഇവരെല്ലാം പിന്തിരിയാനാണ് സാധ്യതയെന്ന് ക്ഷീരവികസനവകുപ്പ് അധികൃതർ പറയുന്നു. കന്നുകാലികളുടെ കൈമാറ്റത്തിന് നിരവധിരേഖകൾ ഹാജരാക്കേണ്ടിവരുമെന്നതും പശുവളർത്തുന്നവരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൽപാദനശേഷികൂടിയ കിടാവുകളെ െകാണ്ടുവരാൻ കഴിയുമോയെന്ന സംശയവുമുണ്ട്. കന്നുകാലികളെ വിൽക്കാനും വാങ്ങാനും ഗ്രാമപ്രദേശങ്ങളിലുള്ള ഏജൻറുമാർക്കും ഉത്തരവ് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.