ഭാരതപ്പുഴയിലെ തുരുത്തുകളിൽ മേയാൻ വിട്ട കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു
text_fieldsപൊന്നാനി: ചൊവ്വാഴ്ച നിളയോരം പാർക്കിന് സമീപത്ത് ഭാരതപ്പുഴയിൽ മേയാൻ വിട്ട കന്നുകാലികൾ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടു. ചമ്രവട്ടം പാലത്തിന്‍റെ ഷട്ടറുകൾക്ക് സമീപത്തെ കല്ലുകളിൽ തട്ടി നിന്നതോടെയാണ് ഇവക്ക് ജീവൻ തിരികെ കിട്ടിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു നാൽക്കാലികൾ ഒഴുക്കിൽപ്പെട്ടത്.
ജലനിരപ്പ് ഉയർന്നതോടെ മറ്റു പോത്തുകളും ഒഴുക്കിൽപ്പെട്ടു. നാൽക്കാലികൾ പുഴയിൽ കുടുങ്ങിയത് കണ്ട് നാട്ടുകാർ തോണിയിലെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മാംസക്കച്ചവടത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെ മേയാനായി ഭാരതപ്പുഴയിലേക്ക് ഇറക്കിവിടുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്.
യഥേഷ്ടം പുല്ലും വെള്ളവും പുഴയില്‍നിന്ന് ലഭിക്കുമെന്നതിനാലാണ് ഉടമസ്ഥര്‍ പുഴയോരത്ത് മേയാൻ വിടുന്നത്.ചന്തകളില്‍നിന്ന് ചെറുപ്രായത്തില്‍ 5000ത്തിനും 10,000ത്തിനും വാങ്ങുന്ന മാടുകളെയാണ് പുഴയില്‍ എത്തിക്കുന്നത്. മൂന്നോ നാലോ മാസംകൊണ്ട് ലക്ഷങ്ങള്‍ വിലയുള്ളവയായി ഇവ വളരും. പിന്നീട് ഉടമസ്ഥര്‍ വന്ന് പിടിച്ചുകൊണ്ടുപോകുകയും വില്‍പന നടത്തുകയും ചെയ്യും. പെരുമ്പിലാവ്, വാണിയംകുളം, ചേളാരി ചന്തകളില്‍നിന്ന് കാലികളെ വാങ്ങുന്ന മൊത്തക്കച്ചവടക്കാരും ലോറികളില്‍ കൊണ്ടുവന്ന് പുഴയോരത്ത് വിടാറുണ്ട്.
നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍, ചെമ്പിക്കല്‍, തിരുനാവായ, ബീരാഞ്ചിറ, ചമ്രവട്ടം തുടങ്ങിയ പ്രദേശത്താണ് മേയാന്‍ വിടുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ കാലിക്കൂട്ടങ്ങൾ പുഴയിൽ കുടുങ്ങുന്നതും പതിവാണ്.കൂടാതെ ഭാരതപ്പുഴയിൽ മേയാൻ വിടുന്ന കന്നുകാലികൾ പുഴ നീന്തി കർമ റോഡിലെത്തുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.