പശുക്കൾക്ക് പാട്ട് കേൾക്കാൻ മ്യൂസിക് സിസ്റ്റം, കാലിത്തീറ്റ സൂക്ഷിക്കാൻ പ്രത്യേക മുറി; ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്തു നിർമാണം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള തൊഴുത്താണ് ഒരുങ്ങുന്നത്. 42.90 ലക്ഷം രൂപ ചെലവിലാണ് കാലിത്തൊഴുത്തും ചുറ്റുമതിലും നിർമിക്കുന്നത്. രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാകും. ജോലിക്കാർക്ക് താമസിക്കാനായി നിർമിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ തൊഴുത്ത് ഒരുങ്ങുന്നത്. ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നൽകിയത്.
അഞ്ച് പശുക്കളാണ് നിലവിലെ തൊഴുത്തിൽ ക്ലിഫ് ഹൗസിലുള്ളത്. ഇതിനു പുറമേ ആറ് പശുക്കളെ കൂടി ഉൾക്കൊള്ളിക്കാനാണ് പുതിയ തൊഴുത്ത് നിർമിക്കുന്നത്. 800 ചതുരശ്ര അടിയുള്ള തൊഴുത്തിൽ ജോലിക്കാർക്ക് വിശ്രമിക്കാൻ പ്രത്യേകം മുറി ഉണ്ടാകും. പശുക്കൾക്ക് പാട്ട് കേൾക്കാൻ മ്യൂസിക് സിസ്റ്റവും തൊഴുത്തിൽ ഉണ്ടാകും. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാനായി പ്രത്യേക മുറിയുമുണ്ട്. നിലവിൽ ഒരു നിലയിൽ നിർമിക്കുന്ന കെട്ടിടത്തിന് ഇരു നിലയുടെ ഫൗണ്ടേഷനാണ് തയ്യാറാക്കിയത്. ഭാവിയിൽ മുകൾ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമിക്കും. കെട്ടിടം വൈദ്യുതീകരിക്കാൻ പ്രത്യേക തുകയും വകയിരുത്തിയിട്ടുണ്ട്.
ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയര്‍ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.