മാട്ടിറച്ചി പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ വേണമെന്ന് വ്യവസായികളോട് മുഖ്യമന്ത്രി
text_fieldsകന്നുകാലി കശാപ്പ് കേന്ദ്രം നിയന്ത്രിച്ചത് മൂലം കേരളത്തിലെ മാട്ടിറച്ചി വിപണന മേഖലയും പാല്‍ ഉല്‍പ്പാദനവും നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കേരളത്തിലെ വ്യവസായ സമൂഹം പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം 6500 കോടി രൂപയുടെ മാട്ടിറച്ചി കേരളത്തില്‍ വില്‍ക്കുന്നുണ്ട്. 15 ലക്ഷം കാലികളാണ് പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നത്. പുതിയ നിയന്ത്രണം നമ്മുടെ ഭക്ഷണ ആവശ്യത്തെയും പാല്‍ ഉല്‍പ്പാദനത്തെയും വളരെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി വ്യവസായ അവസരമായി മാറ്റിയെടുക്കാന്‍ കഴിയണം. കാലികളെ വളര്‍ത്തുന്ന ഫാമുകളും ആധുനിക അറവുശാലകളും വരണം. അതിന്‍റെ ഭാഗമായി പാല്‍ ഉല്‍പ്പാദനവും വര്‍ധിക്കും. പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാന്‍ അതുവഴി കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മസ്കറ്റ് ഹോട്ടലില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസായം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സിഐഐ പ്രതിനിധികള്‍ ശ്ലാഘിച്ചു. പുതിയ വ്യവസായ നയം ഏറ്റവും പ്രായോഗികവും സംസ്ഥാനത്തിന്‍റെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്ന് വ്യവസായ പ്രതിനിധികൾ പറഞ്ഞു.
ഭവനരഹിതര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് സിഐഐയുടെ പിന്തുണയും പങ്കാളിത്തവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ ഡിസൈന്‍ പ്രകാരം ചില ഭവനസമുച്ചയങ്ങള്‍ വ്യവസായ മേഖലക്ക് നിര്‍മിച്ചുതരാന്‍ കഴിയും. കേരളത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യ മേഖലക്ക് ഇവിടെ മുതല്‍ മുടക്കുന്നതിന് ഒരു തടസ്സവുമില്ല. മറിച്ചുള്ളതെല്ലാം പ്രചാരണമാണ്. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം ബന്ധപ്പെട്ടവരില്‍ എത്തിക്കുന്നതിന് സിഐഐക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയും.
കാര്‍ഷിക മേഖലയിലെ സ്വകാര്യ പങ്കാളിത്തം സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് കൃഷി വകുപ്പ് എല്ലാ പ്രോത്സാഹനവും നല്‍കും. പരമ്പരാഗത വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണവും നവീകരണവും വരണമെന്നത് തന്നെയാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇല്ലെങ്കില്‍ വ്യവസായം തന്നെ ഇല്ലാതാകും. എന്നാല്‍ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള നവീകരണമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. നവീകരണമില്ലാത്തതുകൊണ്ടാണ് കയര്‍ മേഖലക്ക് തിരിച്ചടി നേരിട്ടത്. നഷ്ടപ്പെട്ട വ്യവസായ സാധ്യതകള്‍ തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായം, ഐടി, ടൂറിസം, പൊതുഗതാഗത സംവിധാനം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുടെ വികസനം സംബന്ധിച്ച് സിഐഐ ഒട്ടേറെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.