കാവേരി: വിധി കേരളത്തിനും തിരിച്ചടി
text_fieldsപത്തനംതിട്ട: കാവേരി നദീജല തർക്കത്തിലെ സുപ്രീംകോടതി വിധിയിൽ, മറ്റൊരു നദീതടത്തിലേക്ക് വെള്ളം തിരിച്ചുവിടാൻ പാടില്ലെന്ന നിർദേശം കേരളത്തിന് തിരിച്ചടിയാകും. അധികമായി ജലവിഹിതം അനുവദിച്ചിട്ടുമില്ല. വൈദ്യുതി ബോർഡിെൻറ കുറ്റ്യാടി ഒാഗ്മെേൻറഷൻ പദ്ധതി, കോഴിക്കോട് ജപ്പാൻ കുടിവെള്ള പദ്ധതി എന്നിവയെയും ബാധിച്ചേക്കും. 2002ലെ ജലനയമനുസരിച്ച് ജലസേചനത്തിനും കുടിവെള്ളത്തിനും സുപ്രീംകോടതി പരിഗണന നൽകിയതോടെ ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തിെൻറ അവകാശവാദം നിരാകരിക്കപ്പെട്ടു.
തമിഴ്നാടിന് ജലവിഹിതം കുറഞ്ഞതും കേരളത്തിന് ഭീഷണിയാണ്. കാവേരി നദീതടത്തിൽ കേരളത്തിന് പദ്ധതികൾ ഇല്ലാത്തതിനാൽ, സംസ്ഥാനത്തിന് അനുവദിച്ച വെള്ളവും തമിഴ്നാടാണ് ഉപയോഗിക്കുന്നത്. കേരളം പദ്ധതി തയാറാക്കുേമ്പാേഴക്കും എതിർപ്പുമായി തമിഴ്നാട് എത്തും. ഇത് ഇനി ശക്തിപ്പെടാനാണ് സാധ്യത.
കാവേരി നദീജല ട്രൈബ്യൂണൽ 30 ടി.എം.സി അടി (1000 ദശലക്ഷം ഘനടയടി) വെള്ളം അനുവദിച്ചത് സുപ്രീംകോടതി ശരിവെച്ചു. 99.8 ടി.എം.സി ആവശ്യപ്പെട്ടിടത്താണ് ഇത് നൽകിയത്. കബനിയിൽ 21 ടി.എം.സി, ഭവാനിയിൽ ആറ് ടി.എം.സി, പാമ്പാറിൽ മൂന്ന് ടി.എം.സി എന്നിങ്ങനെയാണ് വെള്ളം അനുവദിച്ചത്. ജലസേചനത്തിന് 27.90 ടി.എം.സി, കുടിവെള്ളത്തിനും വ്യവസായികാവശ്യത്തിനും 0.35 ടി.എം.സി, വാട്ടർ ബാലൻസിന് 1.51 ടി.എം.സി എന്നിങ്ങനെയാണിത്. എന്നാൽ, ഇൗ വെള്ളം ഉപയോഗിക്കാൻ കേരളത്തിന് പദ്ധതികളില്ലെന്നതും സുപ്രീംകോടതിയിലെ വാദത്തിന് തിരിച്ചടിയായി. 1975 മുതൽ കേരളത്തിൽ നെൽകൃഷി കുറഞ്ഞ് വരുന്നതായും മുണ്ടകൻ, വിരിപ്പ് കൃഷികൾക്ക് ജലസേചനത്തിൻറ ആവശ്യമില്ലെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. 35 ടി.എം.സി വെള്ളം ആവശ്യപ്പെട്ടത് ജലവൈദ്യുതി പദ്ധതികൾക്കാണെന്നാണ് ചൂണ്ടിക്കാട്ടിയത്.
കബനിയിൽനിന്ന് 97 ടി.എം.സിയും ഭവാനിയിൽനിന്ന് 35 ടി.എം.സിയും പാമ്പാറിൽനിന്ന് 15 ടി.എം.സിയും വെള്ളമാണ് കാവേരിയിൽ എത്തുന്നത്. 147 ടി.എം.സിയാണ് കേരളത്തിെൻറ സംഭാവന. ഇത് കാവേരിയിലെ ആകെ ജലത്തിെൻറ 20 ശതമാനം വരും. ഇതനുസരിച്ച് 99.8 ടി.എം.സി വെള്ളത്തിന് അവകാശമുണ്ടെന്നാണ് വാദിച്ചത്. 1976 ആഗസ്റ്റിൽ ഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ധാരണ പ്രകാരം 51 ടി.എം.സി വെള്ളം ലഭിക്കേണ്ടതുമാണ്.
കേരളം സമർപ്പിച്ച വൈദ്യുതി പദ്ധതികൾ അപ്പാടെ ട്രൈബ്യൂണൽ നിഷേധിച്ചത് സുപ്രീംകോടതിയും ശരിവെച്ചു. കബിനി നദീതടത്തിൽ 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതികളാണ് തയാറാക്കിയിരുന്നത്. ഒരു നദീതടത്തിൽനിന്ന് മറ്റൊന്നിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നിരോധിച്ചതിനാൽ കുറ്റ്യാടി ഓഗ്മെേൻറഷൻ പദ്ധതി പ്രതിസന്ധിയിലാകും. കബനി നദീതടത്തിൽനിന്ന് വെള്ളം ഗതി തിരിച്ചുവിടാൻ കഴിയാതെ വന്നാൽ, കോഴിക്കോട് ജപ്പാൻ കുടിവെള്ള പദ്ധതിയും വരൾച്ച നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.