കതിരൂർ മനോജ് വധം: ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ
text_fieldsകൊച്ചി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന് അടക്കം ആറ് പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭീതിവിതച്ച് നടത്തിയ കൊലപാതകം ഭീകരപ്രവര്‍ത്തനമാണെന്ന ആരോപണത്തോടെ യു.എ.പി.എയിലെ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) വിവിധ വകുപ്പുകള്‍ അടക്കം 18 കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം പ്രത്യേക കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പി. ജയരാജനെ 25ാം പ്രതിയാക്കി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ സി.ബി.ഐ, സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മാവിചേരി മധുസൂദനന് (51), തലശ്ശേരി ഈസ്റ്റ് കതിരൂര്‍ കുന്നുമ്മല്‍ വീട്ടില്‍ രാജു എന്ന രാജേഷ് (37), തലശ്ശേരി മീത്തല്‍ വീട്ടില്‍ മഹേഷ് (22), ഈസ്റ്റ് കതിരൂര്‍ കുളപ്പുരത്തുകണ്ടി വീട്ടില്‍ സുനൂട്ടി എന്ന സുനില്‍ കുമാര്‍ (23), കതിരൂര്‍ ചുണ്ടകപ്പോയില് മംഗലശ്ശേരി വീട്ടില്‍ വി.പി. സജിലേഷ് (24) എന്നിവരെ 20 മുതല്‍ 24 വരെ പ്രതികളാക്കി. നേരത്തേ മുഖ്യപ്രതി പി. വിക്രമന് അടക്കം 19 പേര്‍ക്കെതിരെ നല്കിയ കുറ്റപത്രത്തിെൻറ അനുബന്ധമായാണ് രണ്ടാം കുറ്റപത്രം. എന്നാൽ ഈ മാസം ഏഴിന് കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്ന കാര്യം കോടതി തീരുമാനിക്കൂ.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ഒമ്നി വാനില്‍ സഞ്ചരിക്കുകയായിരുന്ന ആര്.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കിഴേക്ക കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ് കുമാര്‍ (42) കൊലചെയ്യപ്പെട്ടത്. 1997 മുതല്‍ മനോജിനെ കൊലപ്പെടുത്താന്‍ ജയരാജന് ഗൂഢാലോചന നടത്തിയിരുന്നു. ഇതിന് ജയരാജന് കൊണ്ടുനടന്നത് വിക്രമെനയായിരുന്നു. മനോജിെൻറ പിതാവ് ചാക്കുട്ടി സി.പി.എം പ്രവര്‍ത്തകനായിരുന്നു.
പിതാവിെൻറ മരണത്തോടെ സി.പി.എമ്മില്‍നിന്ന് അകന്ന മനോജ് ആര്.എസ്.എസില്‍ സജീവമായി. ഇതോടെ സി.പി.എമ്മിൽ ചേരണമെന്നും ഇല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും മനോജിെൻറ സഹോദരനോടും മാതാവിനോടും ജയരാജന് മുന്നറിയിപ്പ് നൽകിയിരുന്നു. 1999ല്‍ മനോജിെൻറ നേതൃത്വത്തില്‍ ജയരാജനെതിരെ ആക്രമിച്ച് അംഗവൈകല്യനാക്കിയതോടെ പക ഇരട്ടിച്ചു. 2014 ആയപ്പോഴേക്കും ജില്ല നേതാവായി വളര്‍ന്ന മനോജിനെതിരെ ജയരാജന് വിക്രമനുമായി ഗൂഢാലോചന നടത്തുകയും വിക്രമന് ഇത് നടപ്പാക്കുകയായിരുന്നുവെന്നും -സി.ബി.ഐ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.