'ലൈഫി'ൽ സി.ബി.െഎ, സംസ്ഥാന സർക്കാറിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സി.ബി.െഎ അന്വേഷണത്തിൽനിന്ന് തടിയൂരാമെന്ന സംസ്ഥാന സർക്കാർ ശ്രമത്തിന് തിരിച്ചടി. വടക്കാഞ്ചേരിയിൽ യു.എ.ഇ റെഡ്ക്രസൻറ് നേതൃത്വത്തിൽ നടക്കുന്ന ഫ്ലാറ്റ് നിർമാണം സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും ചട്ടലംഘനമാണെന്ന് കേന്ദ്രസർക്കാർ കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണം സി.ബി.െഎയിലേക്ക് പോകുമെന്ന് ഉറപ്പായപ്പോഴാണ് കഴിഞ്ഞദിവസം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ദിവസം വൈകുന്നേരം പതിവ് വാർത്തസമ്മേളനത്തിൽ തന്നെയുൾപ്പെടെ 'ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ എന്നായിരുന്നു' മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. എന്നാൽ സി.ബി.െഎ അന്വേഷണം ഏറ്റെടുത്തതോടെ വിജിലൻസ് അന്വേഷണത്തിെൻറ പ്രസക്തി നഷ്ടപ്പെട്ടു.
വിദേശ ധനസഹായം ഉൾപ്പെടെ വാങ്ങാൻ കേന്ദ്ര അനുമതി വേണമെന്നിരിക്കെ അതൊന്നും പാലിക്കാതെയാണ് റെഡ്ക്രസൻറുമായി സർക്കാർ ധാരണപത്രത്തിൽ ഒപ്പിട്ടത്. പിന്നാലെ സ്വർണക്കടത്ത് പ്രതികൾ ഉൾപ്പെടെ ഗൂഢാലോചന നടത്തി നിർമാണം യൂനിടാക്ക് കമ്പനിക്ക് ലഭ്യമാക്കുകയും ചെയ്തു. ധാരണപത്രം ധൃതിയിൽ ഒപ്പിടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിെൻറ നേതൃത്വത്തിലുൾപ്പെടെ നീക്കങ്ങളും നടന്നു.
കമീഷനായി നാല് കോടിയോളം നൽകിയെന്ന് യൂനിടാക്ക് ഉടമയും മൊഴി നൽകി. ആ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രം തന്നെ രംഗത്തെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ബന്ധമുണ്ടെന്ന ആക്ഷേപം പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു വരികയാണ്.
പദ്ധതി ക്രമക്കേട്, കമീഷൻ ഇടപാട്, ശിവശങ്കറിെൻറ പങ്ക്, സ്വപ്നയുടെ ഇടപാടുകൾ എന്നിവയെല്ലാം സി.ബി.െഎ അന്വേഷണ പരിധിയിൽവരും. ഇവെയല്ലാമായിരുന്നു വിജിലൻസ് പരിധിയിലും. എന്നാൽ മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസിന് അന്വേഷണം വ്യാപിപ്പിക്കാനും തുടർനടപടികളിലേക്ക് പോകാനും പരിമിതിയുണ്ടായിരുന്നു.
എന്നാൽ സി.ബി.െഎക്ക് ഇത്തരം തടസ്സങ്ങളില്ല. ലൈഫ് മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ മന്ത്രിയുമാണ്. അതിനാൽ കേസന്വേഷണ ഭാഗമായി മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.