ശുഹൈബ് വധക്കേസിൽ സി.ബി.ഐ: ഹരജി ഫെബ്രുവരി നാലിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിൽ ഒരു മാസത്തിന് ശേഷം വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി നാലിന് ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ 2018 ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണമുണ്ടായിട്ടില്ലെന്ന് ശുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദും എസ്.പി. റസിയയും ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവരുമായുള്ള അടുത്ത ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്നും ഹരജിയിലുണ്ട്. എന്നാൽ, സി.ബി.ഐ അന്വേഷണത്തിന് വിടരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേസ് വിശദമായി അന്വേഷിച്ചെന്നും കുറ്റപത്രം സമർപ്പിച്ചെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ ഹരജിയെ എതിർക്കാൻ സംസ്ഥാന സർക്കാർ 50 ലക്ഷത്തിൽപ്പരം രൂപ അഭിഭാഷക ഫീസ് ഇനത്തിൽ ചെലവാക്കിയത് വൻ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.