ജസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയാറാണെന്ന് സി.ബി.ഐ
text_fieldsതിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ ജസ്‌നയുടെ പിതാവ് നൽകിയ തടസ ഹരജി പരിഗണിക്കവേ തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ പിതാവിന്‍റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാൻ കോടതി ജസ്നയുടെ പിതാവിന് നിര്‍ദേശം നൽകി. ഹരജിയിൽ മേയ് അഞ്ചിന് സി.ജെ.എം കോടതി വിധി പറയും.
ജസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു സി.ബി.ഐയുടെ വാദം.
എന്നാൽ, ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു പിതാവ് ജെയിംസിന്‍റെ ഹരജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും വാദമുണ്ടായിരുന്നു. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും പിതാവ് ജെയിംസ് ജോസഫ് കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി.ബി.ഐ പരിശോധിച്ചില്ല. അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ കൈമാറില്ലെന്നും തങ്ങള്‍ എത്തപ്പെട്ട കാര്യങ്ങളിലേക്ക് സി.ബി.ഐ എത്തിയാല്‍ തെളിവുകള്‍ കൈമാറുന്ന കാര്യം ആലോചിക്കാമെന്നും പിതാവ് പറഞ്ഞിരുന്നു.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈകോടതി നിർദേശ പ്രകാരം സി.ബി.ഐ കേസ് ഏറ്റെടുത്തത്. എന്നാൽ, സി.ബി.ഐക്കും ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരമൊന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.