വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ നൽകാൻ സി.ബി.ഐക്ക് ബാധ്യതയില്ല -ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ ആവശ്യവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ സി.ബി.ഐക്ക് ബാധ്യതയില്ലെന്ന് ഹൈകോടതി. സി.ബി.ഐ അടക്കം സംവിധാനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശിയും സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. ഓഫിസറുമായ എസ്. രാജീവ് കുമാർ നൽകിയ അപേക്ഷ നിരസിച്ചതിനെതിരായ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്.
2012ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോൾ സാമ്പത്തിക താൽപര്യത്തോടെ ചില വിദേശ ഇന്ത്യക്കാരുടെ ബാഗേജുകൾ ശരിയായി പരിശോധിക്കാതെ വിട്ടു എന്ന കേസിൽ പ്രതിയായതിനെ തുടർന്ന് 2017ൽ വിരമിച്ചിട്ടും ഹരജിക്കാരന് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല. കേസ് വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. കേസ് റദ്ദാക്കാനുള്ള ഹരജിയും നിലവിലുണ്ട്. ഇതിനിടെ ചില വ്യാജമൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യമായി പ്രതിയാക്കിയതാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടർക്ക് നൽകിയ അപേക്ഷയെത്തുടർന്ന് ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു.
റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ സി.ബി.ഐക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾബെഞ്ചും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.