നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം: സി.പി.എമ്മിന് ഭയം- വി.ഡി. സതീശൻ
text_fieldsകൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം എതിര്‍ക്കാന്‍ കാരണം സി.പി.എമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു വരുമെന്ന ഭയമാണെന്ന് പ്രിതപക്ഷ നേതാവ് വി.ഡി.തീശൻ. എ.ഡി.എം നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഡാലോചന എന്താണ്? പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാതിരുന്നത്? നവീന്‍ ബാബുവിന്റെ കുടുംബത്തില്‍ പോയി അവരുടെ കൂടെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, പ്രതിയായ പി.പി ദിവ്യ ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്വന്തം ഭാര്യയെ വിട്ട് സ്വീകരിച്ചത് എന്തിനു വേണ്ടിയാണ്?
സി.പി.എമ്മുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ പുറത്തു വരുമെന്ന് ഭയന്നാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. സി.പി.എം നേതാക്കള്‍ക്ക് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നത്? യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊലീസ് അന്വേഷണത്തില്‍ ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണ്.
സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യൂനിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ അഞ്ച് തവണയാണ് ഇടിമുറിയില്‍ കൊണ്ടു പോയി മർദിച്ചത്. എന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്‌തോ? പ്രതികള്‍ എല്ലാ ദിവസവും കോളജില്‍ വന്ന് പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയിട്ടും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ശിശുക്ഷേമ സമിതിയിലാണ് രണ്ടര വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയത്. പാര്‍ട്ടി ബന്ധുക്കളെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുകയാണ്. മൂന്നു തവണ പുറത്താക്കപ്പെട്ട സി.പി.എം നേതാവിന്റെ ഭാര്യയെ വീണ്ടും തിരിച്ചെടുത്തു. അവരാണ് രണ്ടര വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയത്. പാര്‍ട്ടിക്കാരാണെങ്കില്‍ എന്ത് തോന്ന്യാസവും ധിക്കാരവും കാണിക്കാമെന്നാണ്.
റോഡ് അടച്ചുള്ള സി.പി.എം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റോഡ് അടച്ചുകെട്ടിയുള്ള പാര്‍ട്ടി പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്തത്. അധികാരത്തിന്റെ അഹങ്കാരമാണ് സി.പി.എം കാട്ടുന്നത്. അത് സമ്മതിച്ചു കൊടുക്കാനാകില്ല.
കേന്ദ്രാനുമതി വാങ്ങി വന്നാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. കെ റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും. കെ റെയില്‍ കൊണ്ടുവരാതെ തന്നെ വേഗം കൂടിയ ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ പറ്റും. വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റം കൊണ്ടുവരികയെ സമാന്തര പാളം നിര്‍മ്മിക്കുകയോ ചെയ്യാം. കാലാവസ്ഥാ വ്യതിയാനം മനസിലാക്കാതെ ഏതോ മൂന്നാം കിട കമ്പനിയെ കൊണ്ട് തയാറാക്കിയ കെട്ടിച്ചമച്ച ഡി.പി.ആറുമായി വന്നിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.