ബി.എസ്.എഫ് കമാൻഡന്റിന് അന്താരാഷ്ട്ര കള്ളക്കടത്തുകാരനുമായി ബന്ധമെന്ന് സി.ബി.െഎ
text_fieldsതിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി പിടിയിലായ ബി.എസ്.എഫ് കമാൻഡൻറ് ജിബു ഡി.മാത്യുവിന് ജാമ്യം അനുവദിച്ചാൽ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സി.ബി.ഐ. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര സുരക്ഷ ഏജൻസികളടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പിടികിട്ടാ പ്രതിയുമായ ബിഷു ഷെയ്ഖുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കോടതിയെ സി.ബി.ഐ അറിയിച്ചു. ബിഷു ഷെയ്ഖ് ജിബുവുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന സിം കാർഡ് വ്യാജ ആധാർ ഉപയോഗിച്ച് കരസ്ഥമാക്കിയതാണെന്നും മാത്യുവിെൻറ ജാമ്യഹരജിയിലെ വാദം പരിഗണിച്ചപ്പോൾ സി.ബി.ഐ അറിയിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് ജിബു ചെയ്തതെന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണത്തിെൻറ ഉറവിടം കണ്ടെത്തേണ്ട ചുമതല സി.ബി.ഐക്കാണെന്നും തീവ്രവാദ ബന്ധമുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട കാര്യം സി.ബി.െഎക്കില്ലെന്നും ജിബുവിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജോലി നോക്കിയിരുന്ന ജിബു രാജ്യസുരക്ഷ സംബന്ധമായ വിഷയങ്ങൾ അടക്കം അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറിയെന്ന് ചോദ്യംചെയ്യലിൽ മനസ്സിലായെന്നാണ് കോടതിയെ സി.ബി.െഎ അറിയിച്ചത്.
ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യു.എ.പി.എ പോലുള്ള നിയമങ്ങളുമായുള്ള കേസായാലും അത് സർക്കാർ അനുമതി ഉണ്ടെങ്കിൽ സി.ബി.െഎക്ക് അന്വേഷിക്കാം. എന്നാൽ, ഇപ്പോൾ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തിനേ കുറ്റപത്രം സമർപ്പിച്ചുള്ളൂയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിലും ബിഷു ഷെയ്ഖിനെ കൂട്ടുപ്രതിയാക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയിലും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വ്യാഴാഴ്ച വിധിപറയും.
കഴിഞ്ഞമാസം 31നാണ് ട്രെയിൻ യാത്രക്കിടെ ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപുർ യൂനിറ്റിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി ജിബുവിനെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ െവച്ച് 50 ലക്ഷം രൂപയുമായി സി.ബി.െഎ പിടികൂടുന്നത്. തുടർന്ന് സി.ബി.െഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു. ചോദ്യംചെയ്യലിൽ ഇയാൾ അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തിരുന്നെന്ന് കണ്ടെത്തിയതായാണ് ചീഫ് സി.ബി.ഐ ഇൻസ്പെക്ടർ പി.ഐ. അബ്ദുൽ അസീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജൻസികളെയും സി.ബി.െഎ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.