ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.െഎ അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാര്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സി.ബി.െഎ അന്വേഷണം തുടങ്ങി. പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റീ രജിസ്റ്റർ ചെയ്താണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം തുടങ്ങിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നെഹ്റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസ് അടക്കം ഏതാനുംപേരെ പ്രതിചേർത്തെങ്കിലും പഴയ എഫ്.െഎ.ആർ തന്നെ റീ രജിസ്റ്റർ ചെയ്തതിനാൽ ഇവരുടെ പേര് വിവരങ്ങൾ കോടതിക്ക് കൈമാറിയിട്ടില്ല.
ആരോപണ വിധേയരെ കേസിെൻറ രേഖകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ അധികൃതർ വ്യക്തമാക്കി. സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് എസ്.പി കെ.എം.വർക്കിയാണ് സി.ജെ.എം കോടതിയിൽ എഫ്.െഎ.ആർ നൽകിയത്. സി.ബി.െഎ ഏറ്റെടുത്തതിനാൽ തൃശൂരിലെ കോടതിയിൽനിന്ന് കേസിെൻറ വിശദാംശങ്ങൾ മുഴുവൻ അടുത്ത ദിവസം തന്നെ സി.ജെ.എം കോടതിക്ക് കൈമാറും. ഇത് ശേഖരിച്ച ശേഷമാവും സി.ബി.െഎ അന്വേഷണം തുടങ്ങുക. കേസിൽ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് മുമ്പ് സഹപാഠികൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.
2017 ജനുവരി ആറിനാണ് കോളജിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് (18) മരിച്ചത്. ഹോസ്റ്റലിലെ ശൗചാലയത്തിൽ തോർത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ജിഷ്ണുവിെൻറ മൃതദേഹം കണ്ടെത്തിയത്. പരീക്ഷയിലെ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യത്തെ പൊലീസ് ഭാഷ്യം. തുടർന്ന് കോളജിലെ ഇടിമുറിയിലെ രക്തക്കറ അടക്കം കണ്ടെത്തിയതോടെ ദുരൂഹതക്കിടയാക്കുകയായിരുന്നു. തുടർന്നാണ് കോളജ് അധികൃതരെ അടക്കം പൊലീസ് പ്രതിചേർത്തത്. ഡിസംബർ ആദ്യം സുപ്രീംകോടതിയാണ് അന്വേഷണം സി.ബി.െഎക്ക് വിട്ടത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണുവിെൻറ മാതാവ് മഹിജ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.