പെരിയ കേസന്വേഷിക്കാൻ സി.ബി.ഐ സംഘമെത്തി; കൊലപാതകം പുനരാവിഷ്ക്കരിച്ചുകൊണ്ട് തുടക്കം
text_fieldsകാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിന്റേയും കൃപേഷിന്‍റേയും കൊലപാതകത്തിൽ അന്വേഷണത്തിനായി സി.ബി.ഐ സംഘം പെരിയയിലെത്തി. കൊലപാതകം നടന്ന സ്ഥലം ഉൾപ്പെടെ സന്ദർശിച്ച സംഘം കൃത്യം പുനരാവിഷ്കരിച്ചു.
ഇന്ന് രാവിലെയാണ് സി.ബി.ഐ സംഘം പെരിയയിലെത്തിയത്. കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അമ്മാവനിൽ നിന്ന് സംഘം മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് കൊലപാതക രംഗം പുനരാവിഷ്കരിച്ചത്. ബൈക്കിലെത്തുന്ന ശരത് ലാലിനേയും കൃപേഷിനേയും അക്രമി സംഘം അടിച്ചു വീഴ്ത്തുന്നതാണ് പുനരാവിഷ്ക്കരിച്ചത്.
ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ എസ്.പി നന്ദകുമാർ, ഡിവൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കാസർകോട് എത്തിയത്. സി.ബി.ഐയുടെ ക്യാമ്പ് ഓഫീസും കാസര്‍കോട് ഉടൻ ആരംഭിക്കും.
2019 ഫിബ്രവരി 17നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കല്യോട്ട് വച്ച് കൊലപ്പെടുത്തിയത്. സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിനെയും ശരത് ലാലിന്‍റെയും കുടുംബമാണ് കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഹരജി തള്ളിയതോടെയാണ് കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.