താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ സംഘം വീണ്ടും താനൂരിൽ
text_fieldsതാനൂർ/മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകക്കേസ് അന്വേഷണഭാഗമായി സി.ബി.ഐ സംഘം വീണ്ടും താനൂരിലെത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂരിലെത്തിയത്. താമിർ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ച ചോദ്യം ചെയ്യൽ നടന്ന പൊലീസ് ക്വാർട്ടേഴ്സിലുൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. താനൂർ പൊലീസ് സ്റ്റേഷനിലും സംഘം പരിശോധന നടത്തി. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി സി.ബി.ഐ വീണ്ടും രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്.
കേസിലെ സാക്ഷികളെയും വിവരങ്ങൾ ശേഖരിക്കാൻ വിളിച്ച് വരുത്തുമെന്നറിയുന്നു. കഴിഞ്ഞ ജൂലൈ 31നാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മലപ്പുറം എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. നാല് പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.