‘സിദ്ധാർഥന്‍റെ മരണം സി.ബി.ഐ അന്വേഷിക്കുക’; കോൺഗ്രസ് യുവജന സംഘടന അധ്യക്ഷന്മാരുടെ നിരാഹാര സമരം തുടങ്ങി
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് യുവജന സംഘടനകളായ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തർ എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്.
സിദ്ധാർഥിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കൊലക്ക് കൂട്ടുനിന്ന ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാർഥന്‍റേതെന്ന് വി.ഡി. സതീശൻ പറഞ്ഞു. നൂറ്റിമുപ്പതോളം വിദ്യാർഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി, ക്രൂരമായി മര്‍ദ്ദിച്ച് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടാണ് സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയത്. മുഖത്തും താടിയെല്ലിലും നട്ടെല്ലിലും നെഞ്ചിലും ഉള്‍പ്പെടെ 19 ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടത്തിലും ഇത് കണ്ടെത്തിയിട്ടും പിണറായിയുടെ പൊലീസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്ന് സതീശൻ ചോദിച്ചു.
എന്തുകൊണ്ടാണ് അക്രമ വിവരം മൂടിവച്ചത്. സിദ്ധാര്‍ഥന്‍റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. വിവാദമായതിനു ശേഷമാണ് പൊലീസ് രംഗപ്രവേശം ചെയ്തത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചപ്പോള്‍ മുന്‍ എം.എല്‍.എയായ സി.പി.എം നേതാവ് ഹാജരായി.
സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ കുടുംബത്തെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കിയതു പോലെ സിദ്ധാര്‍ഥനെതിരെയും കള്ളക്കഥയുണ്ടാക്കി. എന്നാല്‍ അത് പാളിപ്പോയി. കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.