സി.ബി.എസ്.ഇ പരീക്ഷ: ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കേന്ദ്രത്തിന് കത്തയച്ചു
text_fieldsതിരുവനന്തപുരം: സി.ബി.എസ്.ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.
ഡിസ്ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് സി.ബി.എസ്.ഇ മുൻകാലങ്ങളിൽ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവൻ മാർക്കും നഷ്ടമാകുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതിൽ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉൾപ്പെടുന്ന സോണിൽ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നതെന്നും വിദ്യാർഥികൾ പരാതി പറയുന്നു.
കോവിഡ് കാലമായതിനാൽ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിർണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങൾ റദ്ദ് ചെയ്ത് ചോദ്യങ്ങൾക്കുള്ള മാർക്ക് കുട്ടികൾക്ക് നൽകണമെന്നും മന്ത്രി കത്തിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.