സി.ബി.എസ്.ഇ ഒന്നാംറാങ്ക് നേടിയ ഡോ. എം.കെ. അനൂപ് നിര്യാതനായി
text_fieldsകാസര്‍കോട്: സി.ബി.എസ്.ഇ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളി ഡോ. എം.കെ. അനൂപ് (34) നിര്യാതനായി. അണങ്കൂര്‍ 'അനുഗ്രഹ'യില്‍ അഗ്രികള്‍ച്ചറൽ റിട്ട. ജോയൻറ് ഡയറക്ടര്‍ എം. ഭാസ്കരെൻറയും ശശികലയുടെയും മകനാണ്.
രക്താര്‍ബുദത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 2002ലാണ് സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയത്.
12ാം തരത്തില്‍ അനൂപിന് നാലാം റാങ്ക് ഉണ്ടായിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മികച്ച റാങ്കോടെയാണ് പാസായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് നേടി ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലാണ് റേഡിയോളജിയില്‍ ബിരുദം നേടിയത്.
എയിംസിൽ നിന്നിറങ്ങിയത് മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡലും വാങ്ങിയാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഒന്നര വര്‍ഷം മുമ്പ് രക്താര്‍ബുദ ബാധിതനായത്. ഭാര്യ: തൃശൂര്‍ സ്വദേശിനി ഇഷ. സഹോദരന്: അനീഷ് (എൻജിനീയര്‍, ബംഗളൂരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.