സി.ബി.എസ്.ഇ സ്കൂളുകൾക്ക് അനുമതി: അപേക്ഷകളിൽ നടപടിയാകാമെന്ന് ഹൈകോടതി
text_fieldsെകാച്ചി: അനുമതി തേടി സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറുകൾ നൽകിയിട്ടുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കാമെന്ന് സർക്കാറിനോട് ഹൈകോടതി. നടപടികൾ 2018 ഒക്ടോബർ 18ലെ സി.ബി.എസ്.ഇ അഫിലിയേഷൻ മാർഗരേഖ പ്രകാരം വേണമെന്നും ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മാർഗരേഖയുടെ പേരിൽ സ്കൂളുകൾക്ക് എൻ.ഒ.സി നിഷേധിച്ചതിനെതിരെ 2018 ജൂലൈയിലുണ്ടായ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അപ്പീൽ നൽകാൻ വൈകിയ കാലയളവ് കോടതി വകവെച്ചു നൽകി.
അനുമതിക്ക് ഒരു മാസത്തിനകം അപേക്ഷ നൽകാത്ത സ്കൂളുകൾ 2018 -19 അധ്യയന വർഷം മുതൽ അടച്ചുപൂട്ടണമെന്ന ഉത്തരവാണ് കഴിഞ്ഞ വർഷം സിംഗിൾബെഞ്ച് നൽകിയത്. എന്നാൽ, മൂന്ന് കിലോമീറ്റർ ചുറ്റളവിലെ മറ്റ് സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങളും പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളും സ്കൂളുകളുടെ അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ േഫാമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറുപടിക്ക് വേണ്ടി നിർബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാർ സഹായമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ സംരക്ഷിത അധ്യാപകരുടെ നിയമന കാര്യത്തിൽ മറുപടി നൽകാൻ ബാധ്യസ്ഥരല്ലെന്നും സ്കൂളുകൾക്ക് അംഗീകാരം നൽകാൻ നിശ്ചിത അളവിൽ സ്ഥലം കൈവശം ഉണ്ടാകണമെന്ന് നിയമപരമായി ആവശ്യപ്പെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ അധ്യയന വർഷം എൻ.ഒ.സിക്ക് നൽകിയ അപേക്ഷകൾ സർക്കാർ നിരസിച്ചത്.
ഇൗ നടപടി റദ്ദാക്കിയ സിംഗിൾബെഞ്ച് നേരത്തേ അപേക്ഷ നിരസിച്ചവർക്ക് ഒരു മാസത്തിനകം വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാർഗരേഖയിലെ ഉപാധികൾ സിംഗിൾബെഞ്ച് തള്ളിയതും ഇതിെൻറ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടി റദ്ദാക്കിയതും ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്. ഹരജി വീണ്ടും ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.