സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവം: കൊച്ചി മെട്രോ സഹോദയ മുന്നിൽ
text_fieldsകാലടി: കൗമാര കലയുടെ വർണവസന്തത്തിന് സാക്ഷിയായി ആദി ശങ്കരാചാര്യരുടെ ജന്മനാടായ കാലടി. പതിനഞ്ചാമത് സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് കാലടി മറ്റൂർ ശ്രീശാരദ വിദ്യാലയത്തിൽ പ്രൗഢോജ്ജ്വല തുടക്കം. ആദ്യദിനം 25 വേദികളിലായി 52 ഇനങ്ങളിൽ മത്സരം പൂർത്തിയാകുമ്പോൾ കൊച്ചി മെട്രോ സഹോദയ സോണ് 88 പോയന്റും പാലക്കാട് സഹോദയ 82 പോയന്റും ആലപ്പുഴ സഹോദയ 76 പോയന്റും നേടി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു.
കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ 30 പോയന്റോടെ ഒന്നാം സ്ഥാനത്തും കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 26 പോയന്റോടെ രണ്ടാം സ്ഥാനത്തും കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ 25 പോയന്റോടെ മൂന്നാം സ്ഥാനത്തുമാണ്. അപ്പീൽ പ്രവാഹമായതിനാൽ പോയന്റ് നിലയുടെ യഥാർഥ ചിത്രം രാത്രി വൈകിയും വ്യക്തമല്ല. ആകെ മൂന്നു വിഭാഗങ്ങളിലായി മൂന്ന് മത്സരഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പ്രധാന വേദിയിൽ രാവിലെ ചലച്ചിത്ര താരം നവ്യ നായർ കലാമേള ഉദ്ഘാടനം ചെയ്തു. ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല കലയെ പ്രണയിക്കുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നതെന്ന് നവ്യ പറഞ്ഞു. 15ാമത് കലോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് വേദിയിൽ 15 ദീപം തെളിച്ചു. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, സിയാൽ എം.ഡി എസ്. സുഹാസ്, യുവജനോത്സവം ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ ഡോ. ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മിമിക്രി, മോഹിനിയാട്ടം മത്സരങ്ങൾ ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ബാൻഡ്മേളം മത്സരത്തോടെയാണ് രണ്ടാം ദിനം ആരംഭിക്കുക. ഞായറാഴ്ചയാണ് സമാപനം. 732 സ്കൂളിൽനിന്ന് 7198 കലാപ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.