തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന് പിഴ
text_fieldsന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരസ്യത്തിൽ ചേർത്തതിന് ‘റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ’, ‘സീക്കേഴ്സ് എജുക്കേഷൻ’ എന്നീ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) പിഴയിട്ടു. ഒരു ലക്ഷം രൂപയാണ് റാവൂസിന് പിഴ. സീക്കേഴ്സ് 50,000 രൂപ അടക്കണം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാനും തിരുത്തൽ പ്രസിദ്ധീകരിക്കാനും രണ്ട് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ച 143 പേർ സിവിൽ സർവിസ് പാസായി എന്ന പരസ്യമാണ് റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന് പിഴ ചുമത്താൻ ഇടയാക്കിയത്. സി.സി.പി.എ നടത്തിയ അന്വേഷണത്തിൽ, 143 പേരിൽ 111 പേരും റാവൂസിന്റെ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ (ഐജിപി) മാത്രമാണ് പങ്കെടുത്തതെന്ന് കണ്ടെത്തി.
സിവിൽ സർവിസ് പരിശീലന കോഴ്സ് പോലെയല്ല ഇന്റർവ്യൂ പരിശീലനമെന്നും മുഴുസമയ കോഴ്‌സല്ല അതെന്നും സി.സി.പി.എ ചൂണ്ടിക്കാട്ടി. യുപിഎസ്‌സി-സിഎസ്‌ഇ പ്രിലിംസ്, മെയിൻ പരീക്ഷകൾ വിജയിച്ച ശേഷം മാത്രമേ ഐജിപി കോഴ്‌സിന് ചേരാൻ കഴിയൂ. അതിനാൽ, ഈ കോഴ്സിൽ മാത്രം പങ്കെടുത്തയാളെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിലെ വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണെന്ന് സി.സി.പി.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.