ലോക്കപ്പുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ റെക്കോഡിങ് സംവിധാനമുള്ള സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ മർദിക്കുന്നുവെന്ന പരാതികൾ ഏറിവരികയാണെന്നും കമീഷൻ ഉത്തരവിൽ പറയുന്നു.
കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയിൽ അവശ്യമരുന്നുകൾ നിഷേധിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. ഇരിഞ്ചയം സ്വദേശി സജിത്തിെൻറ പരാതിയിലാണ് ഉത്തരവ്. 2016 ഏപ്രിൽ മൂന്നിന് അർധരാത്രിയാണ് കോടതി വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് പരാതിക്കാരനെ ആറ്റിങ്ങൽ എസ്.ഐ തൻസിം അബ്ദുൽ സമദും അരുവിക്കര എ.എസ്.ഐ എൻ. അനിലും കസ്റ്റഡിയിലെടുത്തത്. തെൻറ രോഗവിവരം പറയുകയും മരുന്നുകളും അത് കഴിക്കേണ്ട സമയം അടങ്ങിയ ബുക്കും പൊലീസിനെ ഏൽപിക്കുകയും ചെയ്തു. എന്നാൽ, 10 പേരുള്ള സെല്ലിൽ തന്നെ പാർപ്പിച്ചതായി പരാതിയിൽ പറയുന്നു. മരുന്നും വൈദ്യസഹായവും നിഷേധിച്ചു. വക്കീലിനെ വിളിക്കാൻപോലും അനുവദിച്ചില്ല. നെടുമങ്ങാട് എസ്.ഐ ഹാജരാക്കിയ റിപ്പോർട്ടിൽ ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് കമീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി.
അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന നിബന്ധന സജിത്തിന് നിഷേധിച്ചതായി കമീഷെൻറ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മൂന്നിന് അർധരാത്രി അറസ്റ്റ് ചെയ്ത വ്യക്തിയെ കോടതിയിൽ ഹാജരാക്കിയത് അടുത്തദിവസം പകൽ മൂന്നിലാണ്. അറസ്റ്റ് ചെയ്യുന്ന സമയത്ത് നിർബന്ധമായി പാലിക്കേണ്ട സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചില്ല. വക്കീലിനെ കാണാൻ അവസരം നൽകിയില്ല. പരാതിക്കാരന് വൈദ്യസഹായം നൽകുന്നതിൽ വീഴ്ചയുണ്ടായതായും കമീഷൻ കണ്ടെത്തി. രോഗിയായ പ്രതിക്ക് വൈദ്യസഹായം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.