കുളിക്കടവിന് സമീപം സി.സി.ടി.വി, നഗ്നരായി കുളി; റിസോർട്ട് നടത്തിപ്പുകാരും നാട്ടുകാരും തമ്മിൽ സംഘർഷം, സ്ത്രീയടക്കം മൂന്നുപേർക്ക് പരിക്ക്
text_fieldsവിതുര: സ്വകാര്യ റിസോർട്ട് നടത്തിപ്പുകാർ ചെറ്റച്ചൽ വാവുപുര കുളിക്കടവിന് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ഉടമയും സുഹൃത്തുക്കളും നഗ്നരായി കുളിക്കുകയും ചെയ്തതിനെ തുടർന്നുള്ള തർക്കം നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു സ്ത്രീയുൾപ്പെടെ നാട്ടുകാരായ മൂന്നുപേർക്ക് പരിക്കേറ്റു. വാവുപുര സ്വദേശികളായ സന്തോഷ്, സഹോദരി ലത, മഹിൽ എന്നിവർക്കാണ് പരിക്കേറ്റത്.
റിസോർട്ട് ഉടമ തിരുവനന്തപുരം കരിക്കകം വാഴവിള സ്വദേശി സുജിത്ത്, സുഹൃത്തുക്കളായ വിളപ്പിൽ കുന്നുംപുറം സ്വദേശി അനിൽകുമാർ, വട്ടിയൂർക്കാവ് സ്വദേശി മനോജ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ പരാതിയിൽ നാട്ടുകാരിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും വിതുര സി.ഐ എസ്. ശ്രീജിത്ത് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഘർഷം. ആറിനോട് ചേർന്ന സ്വകാര്യ വസ്തുക്കൾ ഒരുവർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശികൾ വാങ്ങിയത്. തുടർന്ന് കെട്ടിടത്തിന്‍റെ പണി തുടങ്ങി. രണ്ടുമാസം മുമ്പ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സ്ത്രീകൾ ഉൾപ്പെടെ കുളിക്കാനെത്തുന്ന കുളിക്കടവുകൾ കേന്ദ്രീകരിച്ചാണ് ക്യാമറകൾ സ്ഥാപിച്ചതെന്ന് പരാതിയുയർന്നു. റിസോർട്ടിലെത്തുന്ന ഉടമയും സുഹൃത്തുക്കളും ആറ്റുകടവിൽ മദ്യപാനം ഉൾപ്പെടെ പതിവാക്കിയെന്നും പലതവണ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
ആറിനോട് ചേർന്നുള്ള സന്തോഷിന്‍റെ കുടുംബ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചത്തെ പ്രശ്നങ്ങൾ ഉടലെടുത്തത്. ക്ഷേത്രത്തിനടുത്ത കടവിൽ റിസോർട്ട് ഉടമ സുജിത്തും സുഹൃത്തുക്കളും നഗ്നരായി കുളിക്കുകയും മദ്യപിക്കുകയും ചെയ്തത് സന്തോഷും സഹോദരിയും ചോദ്യം ചെയ്തതാണ് കാരണമത്രെ. തുടർന്ന് വാക്കുതർക്കവും കൈയാങ്കളിയുമായി. ഇതിനിടയിലാണ് സന്തോഷിനും സഹോദരിക്കും പിടിച്ചുമാറ്റാനെത്തിയ മഹിലിനും പരിക്കേറ്റത്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിസോർട്ടിലേക്ക് കയറിയ ഉടമയെയും സുഹൃത്തുക്കളെയും നാട്ടുകാർ തടഞ്ഞുവെച്ചശേഷം പൊലീസിനെ വിവരമറിയിച്ചു. സി.ഐ എസ്. ശ്രീജിത്തിന്‍റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ എസ്.ഐ എ. സതികുമാറിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് സുജിത്തിനെയും സുഹൃത്തിനെയും ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിൽകയറ്റി വൈദ്യപരിശോധനക്കായി വിതുര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
സുജിത്തിന്‍റെ പേരിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.