സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളെ സി.സി.ടി.വി തന്നെ കുടുക്കി; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsനെടുമങ്ങാട്: സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളുടെ ദൃശ്യം അതേ സി.സി.ടി.വിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. ആനാട് ഇരിഞ്ചയം പ്ലാവറ മണയ്ക്കാലിൽ വീട്ടിൽ രമേശി(46)നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
വേങ്കവിള വേട്ടമ്പള്ളി സ്വദേശി അരുൺ വേങ്കവിള ജങ്ഷനിൽ നടത്തുന്ന പഞ്ചമി കളക്ഷൻ എന്ന സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന കാമറകളാണ് ഇയാൾ കവർന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽനിന്ന് കണ്ടെടുത്തു. സംഭവദിവസം തൊട്ടടുത്തുള്ള ജി. വേലപ്പൻ നായരുടെ പറമ്പിലെ വാഴകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുറച്ചുനാളുകളായി പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി പരാതിയുണ്ട്ന്നു. മാസങ്ങൾക്ക് മുമ്പ് വിളഞ്ഞ വാഴക്കുലകളും മരിച്ചീനി, തേങ്ങ, കരിക്ക് എന്നിവയും മോഷണം പോയിരുന്നു.
നെടുമങ്ങാട് എസ്.എച്ച്.ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, ഷറഫുദ്ദീൻ, എസ്.സി.പി.ഒ വിജി എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.