സെമിത്തേരി പൂട്ടി; പുറത്ത് പ്രാർഥന നടത്തി വിശ്വാസികള്‍
text_fieldsകൂറ്റനാട്: സെമിത്തേരി ഒരുവിഭാഗം പൂട്ടിയതോടെ വിശ്വാസികൾ പുറത്ത് പ്രാര്‍ഥന നടത്തി. ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ഇടവക വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് മെത്രാൻകക്ഷി വിഭാഗം തടഞ്ഞത്.
ഞായറാഴ്ച രാവിലെ സുറിയാനി ചാപ്പലിൽ കുർബാനക്ക് ശേഷമാണ് യാക്കോബായ വിശ്വാസികൾ സെമിത്തേരിയില്‍ പ്രാർഥിക്കാനായെത്തിയത്. എന്നാല്‍, പള്ളിയിൽനിന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന നാല് ഗേറ്റുകൾ ഓർത്തഡോക്സ് വിഭാഗം താഴിട്ട് പൂട്ടിയിരുന്നു.
സെമിത്തേരിയിലേക്ക് പ്രവേശിക്കാൻ ഭൂരിപക്ഷം വിശ്വാസികൾക്കും കഴിയാതിരുന്നതിനാൽ ഗേറ്റിന് പുറത്ത് പ്രാർഥന നടത്തി മടങ്ങി. 2020 ആഗസ്റ്റിലാണ് പള്ളി മെത്രാൻകക്ഷി വിഭാഗത്തിന്റെ നിയന്ത്രണത്തിലായത്.
കഴിഞ്ഞ ജൂണിൽ ഇടവകാംഗവും വികാരിയുമായ ഫാ. ജയിംസ് ഡേവീഡ് കശീശയുടെ സംസ്കാരം മെത്രാൻകക്ഷി വിഭാഗം എതിർത്തതോടെ വൻ പൊലീസ് സന്നാഹത്തോടെയാണ് ചടങ്ങ് നടത്തിയത്. മാസങ്ങൾക്കുമുമ്പും ഇത്തരത്തില്‍ സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.
എന്നാല്‍, ഷൊർണൂർ ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഇടവക വിശ്വാസികൾക്കെല്ലാം പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകരുതെന്ന നിർദേശത്തെത്തുടർന്ന് താഴിട്ട് പൂട്ടുന്നത് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.