പോപ്പുലർ ശാഖകളിൽ കണക്കെടുപ്പ്; പണവും സ്വർണവും പിടിച്ചെടുത്തു
text_fieldsചവറ: സാമ്പത്തിക ക്രമക്കേടുകളെതുടര്‍ന്ന് അടച്ചുപൂട്ടിയ പോപുലര്‍ ഫൈനാന്സിയേഴ്സിെൻറ ചവറ, തേവലക്കര ഓഫിസുകളില്‍ പരിശോധന നടത്തി സ്വര്‍ണം, പണം, വിവിധ രേഖകള്‍ എന്നിവ കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് പതിനാറു കോടി രൂപയുടെ സ്ഥിര നിക്ഷേപ രസീതുകളും പത്തര ഗ്രാം സ്വര്‍ണവും രണ്ടായിരത്തോളം രൂപ പണമായും കണ്ടെടുത്തിട്ടുണ്ട്. ഇതേ ബ്രാഞ്ചിലെ മാനേജർ, സ്റ്റാഫ് എന്നിവരുടെ നിക്ഷേപവും ഇതിൽപെടും.
കഴിഞ്ഞദിവസം ഉച്ചക്ക് ചവറ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്‍ നാൽപത്തിയാറുപേരില് നിന്നായുള്ള 41 പവന് സ്വര്‍ണവും െഡപ്പോസിറ്റ് രസീതുകളും കണ്ടെത്തി. മൂന്ന് മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ട് വരെ നീണ്ടു. ഇവിടെനിന്നും പണം കണ്ടെത്തിയില്ല.
പോപുലർ ശാഖകളിൽ കണക്കെടുപ്പ്
ഓയൂർ: നിക്ഷേപ തട്ടിപ്പിനെതുടർന്ന് പൂട്ടി മുദ്രെവച്ച പോപുലർ ഫിനാൻസ് കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി, ഓടനാവട്ടം, ഓയൂർ ശാഖകളിൽ കലക്ടറുടെ നിർദേശപ്രകാരം റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ കണക്കെടുപ്പ് നടത്തി. പൂയപ്പള്ളി ശാഖയിൽനിന്ന് പണയം വെച്ച 172 ഗ്രാം സ്വർണാഭരണങ്ങളും 8375 രൂപയുടെ കറൻസികളും ഓയൂർ ബ്രാഞ്ചിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളും ഓടനാവട്ടം ശാഖയിൽനിന്ന് 11,36,453 രൂപയും 1380 ഗ്രാം സ്വർണവും മൂന്ന് ബ്രാഞ്ചുകളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ വിവരങ്ങളും ചിട്ടിയുടെയും പണയംവെച്ച രേഖകളും കസ്റ്റഡിയിലെടുത്തു.
പോപുലർ ഫിനാൻസ്, പോപുലർ ലോൺ, പോപുലർ ഫിനാൻസ് നിധി, മേരിറാണി പോപുലർ നിധി ലിമിറ്റഡ് തുടങ്ങിയ പേരുകളിലായി പ്രവർത്തിച്ച കൊട്ടാരക്കര, പുത്തൂർ, എഴുകോൺ ബ്രാഞ്ചുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അവിടെനിന്ന് പണയംെവച്ച 417 പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 3.5 കിലോ സ്വർണവും 14 ലക്ഷത്തോളം രൂപയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപ വിവരങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച പൂയപ്പള്ളി, ഓയൂർ, ഓടനാവട്ടം ശാഖകളിൽ നടന്ന കണക്കെടുപ്പിൽ കൊട്ടാരക്കര തഹസിൽദാർ ജി. നിർമൽകുമാറിെൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ജി. അജേഷ്, പൂയപ്പള്ളി വില്ലേജ് ഓഫിസർ ബീന, റവന്യൂ ഉദ്യോഗസ്ഥരായ ദിലീപ്, നിതീഷ്, അരുൺ സന്തോഷ്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പൂയപ്പള്ളി പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഓടനാവട്ടം ബ്രാഞ്ചിൽ സ്പെഷൽ തഹസിൽദാർ വിജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർ റെജി. കെ ജോർജ്, ഓടനാവട്ടം വില്ലേജ് ഓഫിസർ അബിത.എ.എസ് ഉദ്യോഗസ്ഥരായ അനീഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടമൺ ശാഖയിലെ ആസ്തികൾ കണ്ടുകെട്ടി
പുനലൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിെൻറ ഇടമൺ ശാഖയിലെ ആസ്തികൾ കണ്ടുകെട്ടി. പുനലൂർ തഹസിൽദാർ കെ.എസ്. നസിയായുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇടമൺ 34 ലുള്ള ശാഖയിലെത്തിയത്. ലോക്കറിലുണ്ടായിരുന്ന 56 പൊതികളിലുണ്ടായിരുന്ന 232 ഗ്രാം സ്വർണവും 6057 രൂപയും മറ്റ് രേഖകളും കണ്ടെടുത്തു.
കമ്പ്യൂട്ടർ, ഫർണിച്ചർ അടക്കം മറ്റ് സാധനങ്ങൾ കണക്കെടുത്തതിനുശേഷം സീൽ ചെയ്തു ഇവിടെതന്നെ സൂക്ഷിച്ചിരിക്കുകയാണ്. സ്വർണവും പണവും സബ് ട്രഷറി ലോക്കറിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിലെ പുനലൂർ, ചണ്ണപ്പേട്ട, അഞ്ചൽ ശാഖകളിൽ കണ്ടുകെട്ടൽ നടപടി നടത്തിയിരുന്നു.
കുളത്തൂപ്പുഴയിലെ ഓഫിസ് സീൽചെയ്തു
കുളത്തൂപ്പുഴ: കോടികളുടെ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് പൂട്ടിയ പോപുലര്‍ ഫിനാന്‍സിെൻറ കുളത്തൂപ്പുഴയിലെ ഓഫിസിലെത്തി വസ്തുവകകള്‍ കണ്ടെത്തി രേഖപ്പെടുത്തി സീല്‍ ചെയ്തു. പുനലൂര്‍ തഹസില്‍ദാര്‍ കെ.എസ്. നസിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എ. അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഫിനാന്‍സ് സ്ഥാപന മാനേജറുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഓഫിസിലെ പണവും സ്വര്‍ണ ഉരുപ്പടികളും ചെക്ക്, പാസ്ബുക്ക് തുടങ്ങിയ മറ്റ് രേഖകളും കമ്പ്യൂട്ടറടക്കം സാധന സാമഗ്രികളുടെയും കണക്കെടുത്തു. പോപ്പുലർ ഫിനാൻസ് കുളത്തൂപ്പുഴ ശാഖയിൽനിന്ന് 400 പവൻ സ്വർണം (3.200 കിലോ) കണ്ടെടുത്തു. എന്നാൽ, പണമൊന്നും ലഭിച്ചില്ലെന്ന് പുനലൂർ തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.