സെൻസസുമായി സർക്കാർ മുന്നോട്ട്; ആശങ്കയുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സെൻസസ് പ്രവർത്തനവുമായി മുന്നോട്ടുപോകാൻ സംസ്ഥാനസർക്കാർ തീരുമാനം. സെൻസസിെൻറ ആദ്യഘട്ടമായ വീടുകളുടെ കണക്കെടുപ്പ് മേയ് ഒന്ന് മുതൽ 31വരെയും രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒമ്പത് മുതൽ 28 വരെയും നടത്തുമെന്ന് ഇൗ വിഷയത്തിൽ ചേർന്ന സർവകക്ഷിയോഗശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വീടുകളുടെ പട്ടിക തയാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടം ജനസംഖ്യാ കണക്കെടുപ്പാണ്. എൻ.പി.ആറും സെൻസസും ഒരുമിച്ച് നടപ്പാക്കുന്നതിൽ കേന്ദ്രം വിശദീകരണത്തിന് മുതിരാത്ത സാഹചര്യത്തിൽ സെൻസസ് നടപടികളുമായി മുന്നോട്ട് പോകുന്നതിൽ പ്രതിപക്ഷം പ്രകടിപ്പിച്ച കടുത്ത ആശങ്ക നിലനിൽെക്കയാണ് സർക്കാർ തീരുമാനം. മുസ്ലിം ലീഗ് പ്രതിനിധിസംഘം രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശങ്ക അറിയിച്ചിരുന്നു.
സെൻസസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സർവകക്ഷി യോഗം വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻ.പി.ആറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെച്ചിട്ടുണ്ട്. സെൻസസുമായി മുന്നോട്ട് പോവും. ഒരു തരം ആശങ്കയും ഇക്കാര്യത്തിൽ വേണ്ട. എൻ.പി.ആറിൽ നിന്നാണ് എൻ.ആർ.സി ഉണ്ടാക്കുന്നത്. അതിനാൽ എൻ.പി.ആർ പുതുക്കുന്ന യാതൊന്നും സംസ്ഥാനത്ത് ഉണ്ടാവില്ല. 31 ചോദ്യങ്ങളാണ് കേന്ദ്രം സെൻസസ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2013 ലെ ചോദ്യവുമായി ഇതിൽ കാര്യമായി വ്യത്യാസമില്ല. നിലവിൽ രാജ്യെത്ത സാഹചര്യം ആശങ്കക്ക് വകയുള്ളതാണ്. ഇൗ ആശങ്കയിൽ അസ്വാഭാവികതയില്ല. ഇത് നീക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും. സെൻസസുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ നിലയിൽ സെൻസസ് ആരംഭിച്ചാൽ അത് എൻ.പി.ആറിലേക്കുള്ള വഴിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. എൻ.പി.ആറും സെൻസസും ഒരുമിച്ചാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കുകയും സംസ്ഥാനങ്ങളോട് നിർേദശം നൽകുകയും ചെയ്തത്. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ എൻ.പി.ആർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ യാതൊരു വിശദീകരണവും ഇതുവരെ കേന്ദ്രം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ വ്യക്തമായ വിശദീകരണം നൽകാതെ ഏപ്രിൽ ഒന്ന് മുതലുള്ള സെൻസസ് നടപടികളുമായി മുന്നോട്ടുപോകുന്നത് ശരിയല്ല.
തങ്ങൾ സെൻസസിന് അനുകൂലമാണ്. സെൻസസ് രാജ്യത്ത് വേണ്ടതാണ്. 2003 ലെ ഭേദഗതി അനുസരിച്ച് എൻ.പി.ആർ ഉണ്ടായാൽ എൻ.ആർ.സിയിലേക്ക് പോകാൻ എളുപ്പമാണ്. വ്യക്തത വരുത്തിയ ശേഷമാകണം സെൻസസ് ആരംഭിക്കേണ്ടത് എന്നതിൽ ഉറച്ച് നിൽക്കുന്നു. അല്ലാതെ സെൻസസ് നടപടിയുമായി പോവുന്നത് ആപത്താണെന്ന കാര്യം ധരിപ്പിച്ചെങ്കിലും സർക്കാർ സെൻസസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതിൽ യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.