ചരിത്രസ്മൃതിയിൽ ശിവഗിരി മഠത്തിൽ ശതാബ്ദി ആഘോഷങ്ങൾ
text_fieldsവർക്കല: ദിവ്യസംഗമത്തിന്റെ ചരിത്ര ഗാംഭീര്യത്തിൽ മാനവികതയുടെ സന്ദേശങ്ങൾ പകർന്ന് ശിവഗിരിക്കുന്നിൽ ശതാബ്ദി ആഘോഷങ്ങൾ. വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ നൂറാം വാർഷികാഘോഷ സമ്മേളനം വിശ്വഭാരതി സർവകലാശാല വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുരുവും രബീന്ദ്രനാഥ് ടാഗോറും മനുഷ്യത്വത്തിന്റെ മുഖമുദ്രകളാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരു ആധ്യാത്മികതയിലൂടെ മനുഷ്യത്വത്തെ സാക്ഷാത്കരിച്ചപ്പോള് ടാഗോര്‍ അതു കാവ്യാത്മകതയിലൂടെ നിർവഹിക്കുകയായിരുന്നു. ഈ പ്രപഞ്ചമാണ് ഗുരുവിന്റെയും ടാഗോറിന്റെയും കാവ്യകൗതുകത്തിന് ആധാരം.
ഗുരുവിന്റെ ദര്‍ശനം പ്രചരിപ്പിക്കുന്നതിലും ഈ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്തുന്നതിനും വിശ്വഭാരതി കഴിയുന്നതൊക്കെ ചെയ്യും. ഇക്കാര്യത്തില്‍ ശിവഗിരി മഠവും സന്യാസിസമൂഹവും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിച്ചു. ശിവഗിരി മഠത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ മുഹൂര്‍ത്തമാണിതെന്നും രണ്ടു മഹാത്മാക്കളുടെ സംഗമം ശിവഗിരിയില്‍ നടന്നതിന്റെ സ്മരണ പുതുക്കല്‍ ശിവഗിരി മഠത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഗുരു ദര്‍ശനത്തിന് വിധേയമായുള്ള ഭരണനിര്‍വഹണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എക്കാലവും ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായിരുന്നു ഗുരുവിന്റെയും ടാഗോറിന്റെയും കര്‍മമേഖലയെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി പറഞ്ഞു.
സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ധർമസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു.
സ്വാമി സച്ചിദാനന്ദ രചിച്ച 'ടാഗോര്‍ ഗുരുസന്നിധിയില്‍' എന്ന ഗ്രന്ഥം ബിദ്യുത് ചക്രബര്‍ത്തി വി.പി. ജോയിക്ക് നല്കി പ്രകാശനം ചെയ്തു. ഉച്ചക്കു ശേഷം നടന്ന കാവ്യസംഗമം കവി എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അധ്യക്ഷതവഹിച്ചു. സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠം പി.ആര്.ഒ, ഇ.എം. സോമനാഥന്, പ്രഫ. എസ്. ജയപ്രകാശ്, പ്രഫ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.