അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗം സെൻകുമാറിെൻറ നിയമനം കേന്ദ്രം താൽക്കാലികമായി തടഞ്ഞു
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായുള്ള നിയമനം കേന്ദ്ര സർക്കാർ താൽക്കാലികമായി തടഞ്ഞു. അതേസമയം, സർക്കാർ ശിപാർശ ചെയ്ത വി. സോമസുന്ദരത്തിെൻറ നിയമനം കേന്ദ്രം അംഗീകരിച്ചു. സെൻകുമാറിനെതിരായ കേസുകളിൽ തീര്‍പ്പായ ശേഷം നിയമനകാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിലപാടെടുത്തത് അംഗീകരിച്ചാണ് നിയമനം തടഞ്ഞത്. ഇൗ വിവരം കേന്ദ്ര പേഴ്സനൽ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. കേസുകള്‍ തീര്‍പ്പായ ശേഷം ഉചിതമായ സമയത്ത് ശിപാര്‍ശ വീണ്ടും നല്‍കിയാല്‍ മതിയെന്ന് കത്തില്‍ പറയുന്നു. സെൻകുമാറിെൻറ നിയമന വിഷയത്തിൽ സംസ്ഥാന സർക്കാറും വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു.
സെൻകുമാറിനെയും സോമസുന്ദരത്തെയും ട്രൈബ്യൂണൽ അംഗങ്ങളാക്കാനുള്ള െതരഞ്ഞെടുപ്പ് സമിതിയുടെ ശിപാർശ ജൂൺ 28നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്. എന്നാൽ, അതോടൊപ്പം പട്ടികയിൽനിന്ന് നിയമനം നടത്തരുതെന്നും സെൻകുമാർ പലവിധ അന്വേഷണങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ അംഗങ്ങളുടെ പുതിയ െതരഞ്ഞെടുപ്പിന് അനുമതി വേണമെന്നും പ്രത്യേക കുറിപ്പും സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. എന്നാൽ, ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ആഗസ്റ്റ് 30ന് ഇരുവരുടെയും പേരുകൾ കേന്ദ്ര സർക്കാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് കൈമാറുകയായിരുന്നു. എന്നാൽ, സോമസുന്ദരത്തിെൻറ പേര് അംഗീകരിച്ച ചീഫ് ജസ്റ്റിസ് സെൻകുമാറിെൻറ പേരിലുള്ള കേസുകളും പരാതികളും തീർപ്പായ ശേഷം ശിപാർശ വീണ്ടും നൽകാനുള്ള നിർദേശമാണ് നൽകിയത്. അതിനാൽ അപ്പോൾ മാത്രം സെൻകുമാറിെൻറ പേര് അംഗമായി ശിപാർശ ചെയ്താൽ മതിയെന്ന് കേന്ദ്ര പേഴ്സനൽ മന്ത്രാലയം ജോയൻറ് സെക്രട്ടറി കെ. ശ്രീനിവാസ് സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അവധിയിൽ കഴിയുമ്പോൾ വ്യാജ മെഡിക്കൽ രേഖ ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചു, സാമുദായിക സൗഹാർദം തകർക്കുന്നതരത്തിെല പ്രസ്താവന നടത്തി, കെ.ടി.ഡി.എഫ്.സി ചെയർമാനായിരിക്കെ അനധികൃതമായി വായ്പകൾ അനുവദിച്ചു തുടങ്ങിയ ആരോപണവും കേസുകളുമാണ് സെൻകുമാറിനെതിരെ നിലവിലുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി ബി. സന്ധ്യ റിപ്പോര്‍ട്ട് നല്‍കിയതും സെന്‍കുമാറിന് തിരിച്ചടിയായിരുന്നു. കേസുകൾ അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സെൻകുമാറിെൻറ ഹരജി ഹൈകോടതിയുടെ പരിഗണനയിലുമാണ്. ഇൗ സർക്കാർ അധികാരത്തിലെത്തിയ ഉടൻ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ ചുമതലയേൽപിച്ചു. അതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി വരെ പോയി വീണ്ടും ഡി.ജി.പി കസേരയിൽ അദ്ദേഹം മടങ്ങിയെത്തി തെൻറ കാലാവധി തികക്കുകയായിരുന്നു. എന്നാൽ, നിയമനകാര്യത്തില്‍ സംസ്ഥാനത്തിെൻറയോ കേന്ദ്രത്തിെൻറയോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.