കേന്ദ്രം അനുമതി നിഷേധിച്ചു; കുവൈത്ത് യാത്ര ഉപേക്ഷിച്ച് മന്ത്രി വീണാ ജോർജ്
text_fieldsകൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതിനാൽ കുവൈത്ത് യാത്ര ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞു. ഡൽഹിയിലെ റെസിഡന്റ് കമീഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല.
ദുരന്തത്തിൽപെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനുൾപ്പെടെ കാര്യങ്ങൾക്കാണ് കുവൈത്തിലേക്ക് പോകാൻ ലക്ഷ്യമിട്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത് വേദനാജനകമാണ്. ദുരന്തത്തിൽപെട്ടവരിലേറെയും മലയാളികളാണ്. അതുകൊണ്ടുതന്നെ കേരള സർക്കാറിന്‍റെ പ്രതിനിധി അവിടെ വേണമെന്നതിനാലാണ് അനുമതി തേടിയത്.
കേന്ദ്ര വിദേശകാര്യ സെക്രട്ടറിയെ വരെ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടിരുന്നു. അനുമതി കിട്ടുമെന്ന് വിശ്വസിച്ചതുകൊണ്ടാണ് താൻ നെടുമ്പാശ്ശേരിയിലെത്തിയത്. ദുരന്തത്തിൽപോലും ഇത്തരമൊരു സമീപനം ഉണ്ടാകരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാത്രി 9.40നുള്ള വിമാനത്തിൽ പോകാനാണ് മന്ത്രിയെത്തിയത്. എന്നാൽ, വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ചെക്-ഇൻ സമയം കഴിഞ്ഞതോടെയാണ് മന്ത്രി വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോയത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലുണ്ട്. മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്. കുവൈത്തിലുണ്ടായ അപകടത്തിൽ 24 മലയാളികളാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.