കണ്ണൂരിലേക്ക് വിദേശ വിമാനക്കമ്പനികൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
text_fieldsന്യൂഡൽഹി: വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക് സർവിസ് നടത്താൻ അനുമതി നൽകണമെന്ന കേരളത്തിെൻറ ആവശ്യത്തിന് കേന്ദ്രത്തിെൻറ ചുവപ്പുകൊടി. പ്രമുഖ വിമാനത്താവളങ്ങൾക്ക് നൽകുന്ന ഇൗ പരിഗണന കണ്ണൂരിന് നൽകാനാവില്ലെന്ന നിലപാട് വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ടവരെ അറിയിച്ചു. വിദേശയാത്ര എളുപ്പത്തിലാക്കുന്ന വിധം കണക്ടഡ് ഫ്ലൈറ്റുകൾ കൂടുതലായി അനുവദിക്കുന്നത് പരിഗണിക്കും.
വിദേശ വിമാനങ്ങൾ സർവിസ് നടത്തുന്ന വിമാനത്താവളങ്ങൾ 'പോയൻറ് ഓഫ് കോൾ' ആയിട്ടാണ് അറിയപ്പെടുന്നത്. ഈ പരിഗണന നൽകുക വഴി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശയാത്ര കൂടുതൽ എളുപ്പമാകും. ടിക്കറ്റ് നിരക്ക് കുറയും. എന്നാൽ പ്രമുഖ വിമാനത്താവളങ്ങൾക്ക് മാത്രമാണ് ഈ പദവി അനുവദിക്കുന്നത്. അത്തരം വിമാനത്താവളങ്ങളിലേക്ക് 'ഉഡാൻ' പദ്ധതി വഴിയും മറ്റുമായി ആഭ്യന്തര സർവിസുകൾ കൂടുതലായി നടത്തുക എന്നതാണ് കേന്ദ്രത്തിെൻറ നയം.
ആഭ്യന്തര വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിെൻറ ലക്ഷ്യം. കണ്ണൂരിൽ വിദേശയാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഇന്ത്യൻ വിമാന ക്കമ്പനികളുടെ സർവിസ് കൂട്ടാമെന്ന് ഉദ്യോഗസ്ഥ ചർച്ചയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ് യാത്രികരുടെ എണ്ണം പരിഗണിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് സർവിസ് നടത്താൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. വിദേശ വിമാനക്കമ്പനികൾ സർവിസ് തുടങ്ങുമ്പോൾ മത്സരം വർധിച്ച് നിരക്ക് കുറയും. വിദേശത്തേക്ക് പോകുന്നവർക്കും വരുന്നവർക്കും കണക്ഷൻ വിമാനങ്ങൾ കൂടുതലായി കിട്ടുകയും ചെയ്യും. എന്നാൽ കേന്ദ്ര നിലപാടു മൂലം അന്താരാഷ്ട്ര വിമാന ഭൂപടത്തിൽ കണ്ണൂർ പോയൻറ് ഓഫ് കോൾ പട്ടികയിൽ വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.