കേരളത്തിന് കേന്ദ്രം 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ഉത്തരവിട്ടു. നാഷനൽ തെർമൽ പവർ കോർപറേഷന്റെ ബാർഹ് ഒന്ന്, രണ്ട് നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കെ.എസ്.ഇബി സി.എം.ഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് അനുവദിച്ചത്.
2024 ഒക്ടോബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക. വേനൽകാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകും. പവർ എക്സ്ചേഞ്ചുകളിൽനിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ, യൂനിറ്റിന് അഞ്ച് രൂപയിൽ താഴെ വൈകീട്ട് ആറു മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ ഉൾപ്പെടെ വൈദ്യുതി ലഭിക്കും.
ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്. നിലവിൽ 2025 മാർച്ച് 31 വരെയാണ് 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലേക്കുകൂടി ഈ വൈദ്യുതി ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.