വയറ്റത്തടിച്ച് കേന്ദ്രം, മുൻഗണനേതര റേഷനും വെട്ടിക്കുറക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: മണ്ണെണ്ണക്ക് പിന്നാലെ കേരളത്തിലെ മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുകാർക്കുള്ള റേഷൻ വിഹിതത്തിലും കേന്ദ്രം കൈവെക്കുന്നു. കേരളത്തിന് നൽകുന്ന സബ്സിഡിരഹിത ടൈഡോവർ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറക്കാനാണ് നീക്കം. രാജ്യത്ത് ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതിനെ തുടർന്ന് മുൻഗണന വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങൾ സൗജന്യനിരക്കിൽ നൽകുന്നത്. എന്നാൽ, എല്ലാ ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാർ നിലപാടിന്റെ ഭാഗമായാണ് നീല, വെള്ള കാർഡുകാർക്കും കേന്ദ്ര സർക്കാറിന്റെ സബ്സിഡി രഹിത ടൈഡോവർ പദ്ധതിയിലൂടെ കാർഡുടമകളിൽനിന്ന് നിശ്ചിത തുക ഈടാക്കി അരി നൽകുന്നത്. ഈ പദ്ധതിയുടെ വിഹിതം വെട്ടിക്കുറക്കുന്നതോടെ 62 ശതമാനം വരുന്ന നീല, വെള്ള കാർഡുകാരുടെ റേഷൻ വിഹിതത്തിൽ വരുംമാസങ്ങളിൽ കുറവ് വരുമെന്നാണ് വിവരം.
കഴിഞ്ഞ ഏപ്രിലിൽ കേരളത്തിന് അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം 50 ശതമാനമായി മോദി സർക്കാർ വെട്ടിക്കുറച്ചു. ഇതോടെ മൂന്നുമാസത്തിലൊരിക്കൽ മുൻഗണന വിഭാഗത്തിന് അരലിറ്റർ മണ്ണെണ്ണ മാത്രമാണ് ലഭിക്കുക. മത്സ്യബന്ധനം, കൃഷി തുടങ്ങിയവക്കായി അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണ വിഹിതത്തിലും വൻ കുറവുണ്ടായി.
സംസ്ഥാനത്തെ 14,332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് നൽകാൻ മാസം 2300 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. 2021-22 കാലയളവിൽ 21,888 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022-23 കാലയളവിൽ 7160 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷത്തിലാകട്ടെ ആദ്യ അലോട്ട്മെന്റായി നൽകിയത് 1296 കിലോലിറ്റർ മണ്ണെണ്ണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.