വായ്പ നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് കേരളം
text_fieldsന്യൂഡൽഹി: രാജ്യത്തെ ആകെ കടത്തിന്റെ 60 ശതമാനവും കേന്ദ്ര സർക്കാറിന്റേതാണെന്നും എല്ലാ സംസ്ഥാനങ്ങളും കൂടി ചേര്‍ന്നാൽ മാത്രമേ ബാക്കിയുള്ള 40 ശതമാനം തികയൂ എന്നും കേരളം. സ്വന്തം കടം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും കടമെടുക്കല്‍ പരിധി കുറച്ചതിനെതിരായ കേസില്‍ സുപ്രീംകോടതിയിൽ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിൽ കേരളം വ്യക്തമാക്കി.
റവന്യൂവരുമാനം നോക്കാതെ വാങ്ങുന്ന കടത്തിന് കേരളം പലിശ കൊടുത്തു മുടിയുകയാണെന്നും സംസ്ഥാനം സാമ്പത്തികമായി അപകടകരമായ അവസ്ഥയിലാണെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അവസ്ഥ മറച്ചുവെച്ചാണ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടി. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമമെന്നും കേരളം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രം. ഇത് സംസ്ഥാനത്ത് ട്രഷറി മുടക്കത്തിലേക്കടക്കം നയിക്കുന്നു. അടിയന്തരമായി 2,62,226 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന അവകാശം നൽകുന്നില്ല. സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് നിയന്ത്രിക്കുന്നത് കമ്പോള ശക്തികളാണെന്ന വസ്തുത ഇത് അവഗണിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും സംസ്ഥാന നിയമസഭകള്‍ നിശ്ചയിച്ചിട്ടുള്ള പരിധികള്‍ക്കു കീഴില്‍ മാത്രമേ കടമെടുക്കാന്‍ കഴിയൂ. രാജ്യത്തിന്റെ ആകെ കടത്തിന്റെ 1.70-1.75 ശതമാനം മാത്രമാണ് 2019-2023 കാലത്തെ കേരളത്തിന്റെ കടം.
അവികസിത സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ മാനദണ്ഡമാണ് ധനകാര്യ കമീഷന് സ്വീകരിക്കുന്നത്. കേരളത്തിന്റെ ധനകാര്യസ്ഥിതി മറ്റു സംസ്ഥാനങ്ങളുടെ ശരാശരിയുമായി തുലനംചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നും സത്യവാങ്മൂലം വിശദീകരിക്കുന്നു. കേന്ദ്രത്തിനെതിരെ കേരളം നൽകിയ കേസ് ഫെബ്രുവരി 13ന് സുപ്രീംകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.