കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു -എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വായ്പാ പരിധി തീർന്നെങ്കിലും സംസ്ഥാനം പദ്ധതി മുന്നോട്ടു കൊണ്ടുപോകും. കേരളത്തിൽ ഇപ്പോഴും 13 ലക്ഷം കുടുംബങ്ങൾ ഭവനരഹിതരാണെന്ന റിപ്പോർട്ട് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
“ലൈഫ് പദ്ധതിക്കായുള്ള പണം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ഈ വർഷം ഒരുലക്ഷമാണ് ടാർജെറ്റ് ചെയ്തിരിക്കുന്നത്. അതിനായുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വായ്പാ തുക കണ്ടെത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും. അത് ആശങ്കപ്പെടുത്തുന്ന കാര്യമല്ല. ഫണ്ട് ഫ്ളോ ഒരു ഘട്ടത്തിൽ പദ്ധതിയുടെ വേഗതയെ സ്വാധീനിച്ചിരുന്നു. എന്നാൽ പിന്നീട് ആ പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ വീടുകൾ നിർമിക്കാനായി.
ലൈഫ് പദ്ധതിക്കായി കേരളം ഇതുവരെ ചെലവഴിച്ചത് 18,024 കോടി രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ചത് ഏറ്റവുമധികം ബാധിക്കപ്പെട്ടത് ലൈഫ് പദ്ധതിയെയാണ്. പദ്ധതി പ്രകാരം ഇതുവരെ അഞ്ച് ലക്ഷം പേർക്ക് വീട് നൽകി. ഇനി എട്ട് ലക്ഷം പേരുടെ അപേക്ഷയാണ് മുന്നിലുള്ളത്. ഇവരുടെ കാര്യത്തിൽ തീരുമാനമായ ശേഷമേ പുതിയ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അപേക്ഷിച്ചവരിൽചിലർക്ക് മാത്രമേ സ്വന്തമായി ഭൂമിയുള്ളൂ. അവർക്ക് ഭൂമി കണ്ടെത്താനായാണ് ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി ആരംഭിച്ചത്” -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.