കേന്ദ്ര ഏജൻസികൾ സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു -കാനം
text_fieldsമഞ്ചേരി: കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഹിൽട്ടൺ ഓഡിറ്റോറിയത്തിൽ (ടി.കെ. സുന്ദരൻ മാസ്റ്റർ നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഇടത് സർക്കാറിനു നേരെ കേന്ദ്ര സർക്കാറും ബി.ജെ.പിയും കോൺഗ്രസും ഗവർണറും ചേർന്ന് കൂട്ട ആക്രമണം നടത്തുകയാണെന്നും കാനം പറഞ്ഞു. നിയമസഭ ഒരു നിയമം പാസാക്കിയാൽ സ്വാഭാവികമായി അത് ഗവർണറുടെ അംഗീകാരത്തിന് അയക്കും. നിസ്സാര കാരണങ്ങൾ പറഞ്ഞ് അത് മാറ്റിവെക്കുകയാണ്.
അങ്ങനെ മാറ്റിവെച്ച് സർക്കാറിനെ ബുദ്ധിമുട്ടിലാക്കുകയെന്ന നിലപാടുമായി കേരള ഗവർണർ മുന്നോട്ടുപോകുകയാണ്. ഗവർണറുടെ അധികാരം ഉപയോഗിക്കുന്നതിന് ആരും എതിരല്ല. പക്ഷേ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്ന നിയമങ്ങളെല്ലാം ഇപ്പോൾ ചോദ്യംചെയ്യാം എന്ന ധാരണയിൽ പെരുമാറുന്നതും പ്രവർത്തിക്കുന്നതും ജനാധിപത്യത്തിന് അപമാനകരമാണെന്നും കാനം പറഞ്ഞു.
സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. രാജൻ, പി.പി. സുനീർ, ജെ. ചിഞ്ചുറാണി, വി. ചാമുണ്ണി, ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംഘാടക സമിതി ചെയർമാൻ പി. സുബ്രഹ്മണ്യൻ, കൺവീനർ പി. തുളസീദാസ്, കെ. പ്രഭാകരൻ, ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.